ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 337 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ഇന്‍ഡോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്‌സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അര്‍ഷ്ദീപ് പ്ലേയിംഗ് ഇലവിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഡെവോണ്‍ കോണ്‍വെ (5), ഹെന്റി നിക്കോള്‍സ് (0) എന്നിവരുടെ വിക്കറ്റുകള്‍ അഞ്ച് റണ്‍സിനിടെ ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. കോണ്‍വെയെ ഹര്‍ഷിത്, രോഹിത്തിന്റെ കൈകളിലെത്തിച്ചപ്പോള്‍, നിക്കോള്‍സ് അര്‍ഷ്ദീപിന്റെ പന്തില്‍ ബൗഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ വില്‍ യംഗ് (30) നന്നായി തുടങ്ങിയെങ്കിലും അധിക നേരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. റാണയുടെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. ഇതോടെ മൂന്നിന് 58 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുടര്‍ന്നാണ് ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മിച്ചല്‍ - ഫിലിപ്‌സ് സഖ്യം കൂട്ടിചേര്‍ത്തത് 219 റണ്‍സാണ്. 13-ാം ഓവറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇവര്‍ 44-ാം ഓവറിലാണ് വേര്‍പിരിയുന്നത്. അപ്പോഴേക്കും ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

ഫിലിപ്‌സാണ് ആദ്യം പുറത്താകുന്നത്. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. 88 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 15 ഫോറും നേടി. 45-ാം ഓവറില്‍ മിച്ചലിന്റെ വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. 131 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 15 ഫോറും നേടിയിരുന്നു. തുടര്‍ന്ന് വന്നവരില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന് (18 പന്തില്‍ 28) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. മിച്ചല്‍ ഹെ (2), സക്കാരി ഫൗള്‍ക്‌സ് (10), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെയ്ല്‍ ജാമിസണ്‍ (0) പുറത്താവാതെ നിന്നു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

YouTube video player