ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്ത് ഓസ്‌ട്രേലിയ മാത്രമാണെന്ന് സ്ഥിരീകരിച്ച് ഐസിസി. നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരതൂത്തുവാരിയതോടെ ഓസീസിനൊപ്പം ന്യൂസിലന്‍ഡും ഒന്നാം റാങ്ക് പങ്കിടുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവര്‍ക്കും 116 റേറ്റിങ് പോയിന്റാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമതെന്ന് ഐസിസി വിശദീകരിച്ചു. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് ഓസീസ് ഒന്നാമത് ന്ില്‍ക്കുന്നതെന്നും ഐസിസിയുടെ ട്വീറ്റില്‍ നിന്ന് വ്യക്തമായി.  

ഐസിസി ടെസ്റ്റ് ടീമുകളുടെ റാങ്കിങില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ഐസിസി ട്വീറ്റില്‍ വ്യക്തമാക്കി. 116.461 റേറ്റിങ് പോയിന്റോടെ ഓസ്ട്രേലിയ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 116.375 റേറ്റിങ് പോയിന്റുള്ള ന്യൂസിലാന്‍ഡ് തൊട്ടുപിറകില്‍ രണ്ടാംസ്ഥാനത്താണെന്നും ഐസിസി ട്വീറ്റ് ചെയ്തു. ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ ഇന്ത്യക്ക് മൂന്നിലേക്് ഇറങ്ങേണ്ടിവന്നു. 

114 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക (ആറ്), പാകിസ്താന്‍ (ഏഴ്), വെസ്റ്റ് ഇന്‍ഡീസ് (എട്ട്), ബംഗ്ലാദേശ് (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ റാങ്കുകള്‍.

വെല്ലിംഗ്ടണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്‌കോര്‍: ന്യൂസിലന്‍ഡ് 460, വിന്‍ഡീസ് 131 & 317. കെയ്ല്‍ ജാമിസണാണ് പരമ്പരയുടെ താരം.