കെന്നിംഗ്ടണ്‍ ഓവലില്‍ നിലവില്‍ നാലിന് 123 എന്ന നിലയിലാണ് ഓസീസ്. മര്‍നസ് ലബുഷെയ്ന്‍ (41), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയിത്.
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 296 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കെന്നിംഗ്ടണ്‍ ഓവലില്‍ നിലവില്‍ നാലിന് 123 എന്ന നിലയിലാണ് ഓസീസ്. മര്‍നസ് ലബുഷെയ്ന്‍ (41), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയിത്. ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.
ഓസീസിന്റെ തുടക്കം പാളി
രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (1) എന്നിവര്‍ കൂടാരം കയറി. വാര്‍ണറെ സിറാജും ഖവാജയെ ഉമേഷ് യാദവും മടക്കി. ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ചുറിക്കാരായ സ്റ്റീന്‍ സ്മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരെ രവീന്ദ്ര ജേഡജ പുറത്താക്കിയതോടെ ഓസീസ് പതറി. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലെ ബലംകൊണ്ട് മാത്രം പിടിച്ചുനിന്നു. ലബുഷെയ്ന്‍ ഇതുവരെ മൂന്ന് ബൗണ്ടറി നേടിയിട്ടുണ്ട്. നാളെ ആദ്യ സെഷനില്‍ തന്നെ ഓസീസിനെ പുറത്താക്കിയല്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷഷയെങ്കിലും ബാക്കിവെക്കാം.
രഹാനെ- ഠാക്കൂര്‍ സഖ്യം കാത്തു
അഞ്ചിന് 151 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ആദ്യം ഭരത് മടങ്ങി. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇന്ത്യ തകരുമെന്ന് തോന്നിച്ചെങ്കിലും രഹാനെ - ഷാര്‍ദുല്‍ സഖ്യം ക്രീസിലുറച്ചതോടെ ഇന്ത്യ ഫോളോഓണ്‍ ഭീഷണി മറികടക്കുമെന്നായി. ഇതുവരെ 109 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ രഹാനെയെ പുറത്താക്കി കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. രഹാനെ ഒരു സിക്‌സും 11 ഫോറും നേടി. പിന്നീടെത്തിയ ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഠാക്കൂര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നതാന്‍ ലിയോണിന് ഒരു വിക്കറ്റുണ്ട്.
ഇന്ത്യക്ക് മോശം തുടക്കം
ഓസീസ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാല്‍ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 26 പന്തില്‍ 15 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സംഭാവന. അടുത്ത ഓവറില്‍ സ്‌കോട് ബോളന്‍ഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപിളക്കി. അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി.
കോലിയും പൂജാരയും നിരാശപ്പെടുത്തി
നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായക്ക് പിരിഞ്ഞു. എന്നാല്‍ ചായക്ക് പിന്നാലെ ഗില്‍ പുറത്തായതിന്റെ ആക്ഷന്‍ റീപ്ലേ പോലെ കാമറൂണ്‍ ഗ്രീനിന്റെ ലീവ് ചെയ്ത പന്തില്‍ ചേതേശ്വര്‍ പൂജാര ബൗള്‍ഡായി.14 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. വിരാട് കോലി പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സില്‍ കോലി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. 14 റണ്‍സായിരുന്നു കോലി നേടിയത്.
ജഡേജയുടെ ഏകദിന ശൈലി
71-4ലേക്ക് വീണ ഇന്ത്യയ ജഡേജയും രഹാനെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി 100 കടത്തി. 71 റണ്‍സിന്റെ കൂട്ടുകെട്ടിന് പിന്നാലെ നേഥന്‍ ലിയോണിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കി ജഡേജയും (48) വീണോതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു. കമിന്‍സിന്റെ നോബോളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രഹാനെ രക്ഷപ്പെട്ടത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും തള്ളവിരലില്‍ പന്ത് കൊണ്ട രഹാനെ പരിക്കുമായാണ് ബാറ്റ് ചെയ്തത്. ഓസീസിനായി പന്തെറിഞ്ഞ സ്റ്റാര്‍ക്കും കമിന്‍സും ഗ്രീനും ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിനെ വീഴ്ത്തി സിറാജ്
നേരത്തെ 327/3 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്‌സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

