മെല്‍ബണ്‍: ഓസ്‌ട്രേലിയ വനിത ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയര്‍ അവസാന നാലില്‍ ഇടം പിടിച്ചത്. ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാമതാണ് ഓസീസ്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ സെമിയില്‍ കടന്നിരുന്നു. 

മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബേത് മൂണി (60)യുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ 20 റണ്‍സാണ് കവിസീന് വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സാണ് നേടാന്‍ സാധിച്ചത്. 

മൂണിക്ക് പുറമെ മെഗ് ലാന്നിങ് (21), അഷ്‌ലി ഗാര്‍ഡ്‌നര്‍ (20), എല്ലിസ് പെറി (21), റേച്ചല്‍ ഹെയ്‌നസ് (19) എന്നിവരും ഓസീസിനായി തിളങ്ങി. അന്ന പീറ്റേഴ്‌സണ്‍ ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ കാതി മാര്‍ട്ടിന്‍ (37), സോഫി ഡിവൈന്‍ (31), മാഡി ഗ്രീന്‍ (28) എന്നിവര്‍ മാത്രമാണ് ന്യൂസിലന്‍ഡിന് വേണ്ടി തിളങ്ങിയത്. മേഗന്‍ ഷട്ട്, ജ്യോര്‍ജിയ വറെഹാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.