Asianet News MalayalamAsianet News Malayalam

ബട്‌ലര്‍- ഹെയ്ല്‍സ് സഖ്യം ഇംഗ്ലണ്ടിനെ നയിച്ചു; വാര്‍ണറുടെ ഒറ്റയാള്‍ പ്രകടനം പാഴായി, ഓസീസിന് തോല്‍വി

വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷ് (36), മാര്‍കസ് സ്റ്റോയിനിസ് (35) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ കാമറൂണ്‍ ഗ്രീനിന്റെ (1) വിക്കറ്റ് ഓസീസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. ഇരുവരും 71 റണ്‍സ് കൂട്ടിചേര്‍ത്തു.

Australia lost to England in first T20 by eight runs
Author
First Published Oct 9, 2022, 6:26 PM IST

പെര്‍ത്ത്: ഡേവിഡ് വാര്‍ണറുടെ (44 പന്തില്‍ 73) ഒറ്റയാള്‍ പ്രകടനം പാഴായപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് തോല്‍വി. കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പെര്‍ത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി.

വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷ് (36), മാര്‍കസ് സ്റ്റോയിനിസ് (35) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ കാമറൂണ്‍ ഗ്രീനിന്റെ (1) വിക്കറ്റ് ഓസീസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. ഇരുവരും 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാര്‍ഷിനെ ബൗള്‍ഡാക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ആരോണ്‍ ഫിഞ്ച് (12) റണ്ണൗട്ടായതോടെ ഓസീസ് മൂന്നിന് 105 എന്ന നിലയിലായി.

രക്ഷകരായി ഹെന്‍ഡ്രിക്‌സ്- മാര്‍ക്രം സഖ്യം, സിറാജിന് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് 279 റണ്‍സ് വിജയലക്ഷ്യം

എന്നാല്‍ സ്‌റ്റോയിനിസിനൊത്ത് 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണര്‍ക്കായി. ഇതോടെ ഓസീസിന് വീണ്ടും പ്രതീക്ഷകളായി. എന്നാല്‍ മാര്‍ക്ക് വുഡ് എറിഞ്ഞ 15-ാം ഓവര്‍ വഴിത്തിരിവായി. ആ ഓവറില്‍ സ്‌റ്റോയിനിസ്, ടിം ഡേവിഡ് (0) എന്നിവരെ വുഡ് പുറത്താക്കി. 17-ാം ഓവറില്‍ ഡേവിഡ് വാര്‍ണറും മടങ്ങിയതോടെ ഓസീസിന്റെ പ്രതീക്ഷ മാത്യു വെയ്ഡില്‍ മാത്രമായി. എന്നാല്‍ വെയ്ഡിനെ പുറത്താക്കി സാം കറന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഡാനിയേല്‍ സാംസ് (6), നഥാന്‍ എല്ലിസ് (0) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ സന്ദര്‍ശകര്‍ വിജയമുറപ്പിച്ചു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (0), മിച്ചല്‍ സ്വെപ്‌സണ്‍ (2) പുറത്താവാതെ നിന്നു. 44 പന്തില്‍ നിന്നാണ് വാര്‍ണര്‍ 73 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടും. ഇംഗ്ലണ്ടിനായി വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റീസെ ടോപ്‌ലി, സാം കറന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ (68)- അലക്‌സ് ഹെയ്ല്‍സ് (84) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ബെന്‍ സ്‌റ്റോക്‌സ് (9), ഹാരി ബ്രൂക്ക് (12), മൊയീന്‍ അലി (10), സാം കറന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡേവിഡ് മലാന്‍ (2), ക്രിസ് വോക്‌സ് (2)  പുറത്താവാതെ നിന്നു. എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios