ആദ്യ ടെസ്റ്റിനുശേഷം രാത്രിയും ഞായറാഴ്ച രാവിലെയും ഗ്രൗണ്ട് സ്റ്റാഫ് പിച്ച് നനയ്ക്കുകയായിരുന്നു. അതേസമയം ഓസ്ട്രേലിയന്‍ താരങ്ങളുടെ പരിശീലനം മുടക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് മനപ്പൂര്‍വ്വം ശ്രമിച്ചെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും കുറ്റപ്പെടുത്തി.   

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയക്ക് അടുത്ത തിരിച്ചടി. നാഗ്പൂരിൽ ഇന്നലെ ഓസ്ട്രേലിയന്‍ താരങ്ങൾ നടത്താനിരുന്ന പരിശീലനം മുടങ്ങി. വെള്ളിയാഴ്ച ദില്ലിയിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ സെന്‍റര്‍ വിക്കറ്റും പരിശീലന പിച്ചുകളും തങ്ങൾക്കായി തയ്യാറാക്കണമെന്ന് ഓസ്ട്രേലിയൻ ടീം ആവശ്യപ്പെട്ടിരുന്നു.

നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങളുമായി പ്രത്യേകം പരിശീലനം നടത്താനായിരുന്നു ഓസീസ് പരിശീലക സംഘത്തിന്‍റെ പദ്ധതി. എന്നാൽ ഗ്രൗണ്ടിലേക്ക് തിരിക്കാൻ തുടങ്ങുമ്പോഴാണ് പിച്ചുകളില്‍ നനവുണ്ടെന്ന് ടീം അറിഞ്ഞത്. ഇതോടെ പരിശീലനം റദ്ദാക്കി ഓസീസ് മടങ്ങി. ആദ്യ ടെസ്റ്റിനുശേഷം രാത്രിയും ഞായറാഴ്ച രാവിലെയും ഗ്രൗണ്ട് സ്റ്റാഫ് പിച്ച് നനയ്ക്കുകയായിരുന്നു. അതേസമയം ഓസ്ട്രേലിയന്‍ താരങ്ങളുടെ പരിശീലനം മുടക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് മനപ്പൂര്‍വ്വം ശ്രമിച്ചെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും കുറ്റപ്പെടുത്തി.

ദില്ലി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം; പേസര്‍ പുറത്ത്

ഓസീസിന്‍റെ പരിശീലനം മുടക്കാനായി ബോധപൂര്‍വം പിച്ച് നനച്ച വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി നാണക്കേടാണെന്നായിരുന്നു മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ പ്രതികരണം. ഗ്രൗണ്ട് സ്റ്റാഫിന്‍റെ നടപടി ക്രിക്കറ്റിന് നല്ലതല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്നും ഹീലി ആവശ്യപ്പെട്ടു. നാഗ്പൂര്‍ ‍ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ടാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയത്.

നാഗ്പൂര്‍ ടെസ്റ്റില്‍ ഒറ്റ ഓസീസ് ബാറ്റര്‍ പോലും അര്‍ധസെഞ്ചുറിപോലും നേടിയിരുന്നില്ല. രണ്ടാം ടെസ്റ്റ് നടക്കുന്ന ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേ‍ഡിയത്തിലും ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് സ്പിന്‍ പിച്ചാണെന്നാണ് വിലയിരുത്തല്‍. ഈ സാഹര്യത്തിലാണ് രണ്ടാം ടെസ്റ്റിന് മുമ്പ് നാഗ്പൂരിലെ സെന്‍റര്‍ വിക്കറ്റില്‍ ഓസ്ട്രേലിയ പരിശീലനം നടത്താന്‍ ഒരുങ്ങിയത്.