മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിലുളള ടി20 സന്നാഹ മത്സരത്തില്‍ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളുമായി വരുന്നയാളെ കണ്ട് കളിക്കാരും ആരാധകരും ആദ്യമൊന്ന് ഞെട്ടി. ടീമിന്റെ പേര് പ്രൈംമിനിസ്റ്റേഴ്സ് ഇലവന്‍ എന്നാണെങ്കിലും സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ ഗ്രൗണ്ടിലേക്ക് വെള്ളവുമായി എത്തുമെന്ന് ആരാധകരോ കളിക്കാരോ പ്രതീക്ഷിച്ചു കാണില്ല.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസനാണ് ഇന്നലെ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കളിക്കാര്‍ക്കുള്ള വെള്ളക്കുപ്പിയുമായി എത്തി എല്ലാവരെയും ഞെട്ടിച്ചത്. മോറിസന്റെ നടപടിയെ കൈയടികളോടെയാണ് ക്രിക്കറ്റ് ലോകം വരവേറ്റത്.

മത്സരത്തില്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവന്‍ ഒരു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഹാരി നീല്‍സന്റെ ബാറ്റിംഗ് മികവില്‍(50 പന്തില്‍ 79) ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ ജയിച്ചു കയറി.