മെല്‍ബണ്‍: ടി20 ലോകകകപ്പ് കൃത്യ സമയത്തുതന്നെ തുടങ്ങുമെന്ന സൂചന നല്‍കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയങ്ങളില്‍ കായിക മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ 10,000 പേരെ വരെ പ്രവേശിപ്പിക്കാമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞിരുന്നു. ഇതാണ് ടി20 ലോകകപ്പിനും ക്രിക്കറ്റ് ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നത്.

സ്ഥിതി മെച്ചപ്പെട്ടാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ട്വന്റി20 ലോകകപ്പിന് ഇതു അനുകൂല സാധ്യതയൊരുക്കും. ടി20 ലോകകപ്പ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്നത് വലിയ നഷ്ടക്കച്ചവടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിച്ചിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ക്ക് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഇപ്പോഴും മൗനം തുടരുകയാണ്.