സിഡ്നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 94 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരെ ഇന്ത്യ 244 പുറത്തായി. രണ്ടിന് 96 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ 148 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. മൂന്ന് റണ്ണൗട്ടുകളും ഇന്ത്യക്ക് വിനയായി. 50 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. കമ്മിന്‍സിന് പുറമെ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്  എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചതോടെ രണ്ടാം സെഷന്‍ അവസാനിച്ചു. 

നട്ടെല്ലൊടിച്ചത് പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങ്ങാണ് ഇന്ത്യ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (22), ചേതേശ്വര്‍ പൂജാര (50), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. രഹാനെയുടെ പ്രതിരോധ പൊളിച്ചാണ് കമ്മിന്‍സ് മൂന്നാം ദിനം ആരംഭിച്ചത്. ലോക ഒന്നാം നമ്പര്‍ ബൗളറുടെ പന്തില്‍ രഹാനെ ബൗള്‍ഡാവുകയായിരുന്നു. ബാറ്റ്‌സ്മാന്റെ പ്രതീക്ഷ തെറ്റിച്ച് അധികം ബൗണ്‍സ് ചെയ്യാത്ത ഒരു പന്ത് രഹാനെയുടെ ബാറ്റില്‍ തട്ടി വിക്കറ്റിലേക്ക് വീണു. ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് രഹാനെ 22 റണ്‍സ് നേടിയത്. പൂജാരയ്‌ക്കൊപ്പം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ നാലാം തവണയാണ് കമ്മിന്‍സ് പൂജാരയെ മടക്കുന്നത്. വാലറ്റക്കാരന്‍ സിറാജിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകകളിലെത്തിച്ച് കമ്മിന്‍സ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്നലെ ശുഭ്മാന്‍ ഗില്ലിനേയും കമ്മിന്‍ മടക്കിയിരുന്നു. 

ഒരിക്കല്‍കൂടി നിരാശപ്പെടുത്തി വിഹാരിയും പന്തും

തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും വിഹാരി നിരാശപ്പെടുത്തി. ഇത്തവണ അനായാസ റണ്‍സിന് ശ്രമിച്ചാണ് താരം മടങ്ങിയത്. നതാന്‍ ലിയോണിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട താരം ക്രീസ് വിട്ടിറങ്ങി. എന്നാല്‍ പന്ത് ഡൈവ് ചെയ്ത് കയ്യിലൊതുക്കിയ ജോഷ് ഹേസല്‍വുഡ് നോണ്‍സ്‌ട്രൈക്കിലെ വിക്കറ്റിലേക്കെറിഞ്ഞു. വിഹാരിയുടെ ബാറ്റ് ക്രീസിന് പുറത്തായിരുന്നു. പന്ത് ക്രീസിലെത്തിയതോടെ സ്‌കോര്‍ബോര്‍ഡില്‍ മാറ്റം വന്നു. 67 പന്തില്‍ 36 റണ്‍സാണ് പന്തെടുത്തുത്. എന്നാല്‍ ഒരിക്കല്‍കൂടി മികച്ച കിട്ടിയിട്ടും പന്തിന് അത് മുതലാക്കാന്‍ സാധിച്ചില്ല. ഹേസല്‍വുഡിന്റ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കി താരം മടങ്ങി.

പിന്നീടെല്ലാം ചടങ്ങ് മാത്രം

പന്തിന്റെ വിക്കറ്റിന് ശേഷം എല്ലാം ചടങ്ങ് മാത്രമായിരുന്നു. രവീന്ദ്ര ജഡേജയില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ മറ്റുതാരങ്ങള്‍ക്കായില്ല. ആര്‍ അശ്വിന്‍ (10) റണ്ണൗട്ടായപ്പോള്‍ നവ്ദീപ് സൈന (3) സ്റ്റാര്‍ക്കിന്റെ പന്തില്‍ മാത്യു വെയ്ഡിന് ക്യാച്ച് നല്‍കി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ജസ്പ്രീത് ബുമ്ര റണ്‍സൊന്നുമെടുക്കാതെ റണ്ണൗട്ടായി. ജഡേജ (28) പുറത്താവാതെ നിന്നു.

ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം

ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ ഇരുവരുടേയും കൂട്ടുകെട്ട് 70 റണ്‍സില്‍ നില്‍ക്കേ 27-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്റെറിട്ടേണ്‍ ക്യാച്ച് ഞെട്ടലായി. 77 പന്തില്‍ 26 റണ്‍സുമായി ഹിറ്റ്മാന്‍ പുറത്ത്. ഗില്‍ വൈകാതെ100 പന്തില്‍ നിന്ന് കന്നി ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ കമ്മിന്‍സ് പറഞ്ഞയച്ചു. പന്ത് ഔട്ട്സൈഡ് എഡ്ജായി ഗള്ളിയില്‍ ഗ്രീനിന് അരികിലേക്ക്. പറക്കും ക്യാച്ചുമായാണ് ഗ്രീന്‍ എഴുന്നേറ്റത്. ഗില്‍ നേടിയത് 101 പന്തില്‍ 50 റണ്‍സ്.

ഓസ്‌ട്രേലിയ വീണത് ജഡേജയുടെ ക്ലാസില്‍

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 105.4 ഓവറില്‍ 338 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്റെ 27-ാം ടെസ്റ്റ് സെഞ്ചുറിയും(131) മാര്‍നസ് ലബുഷെയ്ന്‍(91), വില്‍ പുകോവ്സ്‌കി(62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തായി. ജഡേജയുടെ നാലിന് പുറമേ, സൈനിയും ബുമ്രയും രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. സ്മിത്തിനെ റണ്ണൗട്ടാക്കിയ ജഡേജയുടെ നേരിട്ടുള്ള ത്രോയും വേറിട്ടുനിന്നു.