അഡ്‌ലെയ്ഡില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടിന് 17 എന്ന നിലയിലാണ്. മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ഇന്നിംഗില്‍ ഓസീസ് ഒമ്പതിന് 473 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

അഡ്‌ലെയ്ഡ്: ആഷസിലെ (Ashes) പകല്‍- രാത്രി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. അഡ്‌ലെയ്ഡില്‍ (Adelaide Test) രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടിന് 17 എന്ന നിലയിലാണ്. മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ഇന്നിംഗില്‍ ഓസീസ് ഒമ്പതിന് 473 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 103 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (95), ഡേവിഡ് വാര്‍ണര്‍ (95) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റോറി ബേണ്‍സാണ് (4) ആദ്യം മടങ്ങിയത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച്. പിന്നാലെ സഹഓപ്പണര്‍ ഹസീബ് ഹമീദ് (6) മടങ്ങി. നെസറിന്റെ പന്തില്‍ ഹസീബിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ക്യാപ്റ്റന്‍ ജോ റൂട്ട് (5), ഡേവിഡ് മലാന്‍ (1) എന്നിവരാണ് ക്രീസീല്‍.

നേരത്തെ ലബുഷെയ്ന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ മടങ്ങി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ലബുഷെയ്‌നിന്റെ ഇന്നിംഗ്‌സ്. സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമ്ത്തിന്റെ ഇന്നിംഗ്‌സ്. സ്മിത്തിനെ ജയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അലക്‌സ്് ക്യാരി (51), മിച്ചല്‍ സ്റ്റാര്‍ക്ക് (പുറത്താവാതെ 39), നെസര്‍ (35) എന്നിവര്‍ ഓസീസിനെ 450 കടത്തി. 

ട്രാവിസ് ഹെഡ് (18), കാമറൂണ്‍ ഗ്രീന്‍ (2), ജേ റിച്ചാര്‍ഡ്‌സണ്‍ (9) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു താരങ്ങള്‍. മാര്‍കസ് ഹാരിസ് (3), ഡേവിഡ് വാര്‍ണര്‍ (95) എന്നിവര്‍ ഇന്നലെ മടങ്ങിയിരുന്നു. ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ് രണ്ട് വിക്കറ്റുണ്ട്.