അഡ്‌ലെയ്‌ഡ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ തലയരിഞ്ഞ് ഓസീസ് പ്രത്യാക്രമണം. ഒരു വിക്കറ്റിന് 9 റൺസെന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ ഇന്ത്യ 15 ഓവറില്‍ 19-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. ഹനുമ വിഹാരി(0*), വൃദ്ധിമാന്‍ സാഹ(0*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കിപ്പോള്‍ 72 റണ്‍സ് ലീഡാണുള്ളത്. 

മൂന്നാംദിനം രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കി പാറ്റ് കമ്മിന്‍സ്. തലേദിവസം നൈറ്റ് വാച്ച്‌മാനായെത്തിയ ജസ്‌പ്രീത് ബുമ്ര രണ്ട് റണ്‍സില്‍ നില്‍ക്കേ റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. രണ്ടാം വന്‍മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാര അക്കൗണ്ട് പോലും തുറക്കാതെ വൈകാതെ കമ്മിന്‍സിന് മുമ്പില്‍ കീഴടങ്ങി. പെയ്‌നായിരുന്നു ക്യാച്ച്. 13-ാം ഓവറില്‍ മായങ്ക് അഗര്‍വാളിനെയും(9), അജിങ്ക്യ രഹാനെയും(0) പുറത്താക്കി ജോഷ് ഹേസല്‍വുഡും ഇന്ത്യക്ക് പ്രഹരമേല്‍പിച്ചു. 

തൊട്ടടുത്ത ഓവറില്‍ കിംഗ് കോലിയെ കമ്മിന്‍സിന്‍റെ പന്തില്‍ ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചില്‍ മടക്കി. കോലിക്ക് നേടാനായത് നാല് റണ്‍സ്. ഓപ്പണര്‍ പൃഥ്വി ഷായെ(4) രണ്ടാംദിനത്തിന്‍റെ അവസാന മണിക്കൂറില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലും കമ്മിന്‍സിനായിരുന്നു ഷായുടെ വിക്കറ്റ്. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244 റണ്‍സിന് മറുപടിയായി ഓസീസിനെ 191 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 53 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് നേരത്തെ ഓസീസിനെ രണ്ടാം ദിനം എറിഞ്ഞിട്ടത്. 

ഒരുഘട്ടത്തില്‍ 111/7ലേക്ക് കൂപ്പുകുത്തിയ ഓസീസ് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ ടിം പെയ്നിന്‍റെ ഒറ്റയാള്‍ പോരാട്ടം ഓസീസിന് ആശ്വാസമായി. ഏഴാമനായി ക്രീസിലെത്തിയ പെയ്ന്‍ 99 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ കോലിയുടെ 74 ഉം പൂജാരയുടെ 43 ഉം രഹാനെയുടെ 42 റണ്‍സുമാണ് ഇന്ത്യയെ 244ലെത്തിച്ചത്. സ്റ്റാര്‍ക്ക് നാലും കമ്മിന്‍സ് മൂന്നും വിക്കറ്റ് നേടി.