അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് തരിച്ചടിയായി മുഹമ്മദ് ഷമിയുടെ പരിക്ക്. പാറ്റ് കമിന്‍സിന്‍റെ ബൗണ്‍സര്‍ കൈക്കുഴയില്‍ തട്ടി പരിക്കേറ്റ ഷമി ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്തെറിഞ്ഞിരുന്നില്ല.

ഷമിയുടെ കൈയിന് നല്ല വേദനയുണ്ടെന്നും അദ്ദേഹത്തെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. ഷമിയെ സ്കാനിംഗിന് വിധേയനാക്കിയശേഷമെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമാവു. ഇതോടെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഷമിയുടെ പങ്കാളിത്തവും സംശയത്തിലായി.

ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ കൂടെ നഷ്ടമായാല്‍ ഇന്ത്യക്കത് കനത്ത പ്രഹരമായിരിക്കും. ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മാത്രമാണ് ഷമി ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും നേടാന്‍ ഷമിക്കായിരുന്നില്ല.

ഐപിഎല്ലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ പരിക്ക് മൂലം പരമ്പരയില്‍ കളിക്കാത്തതിനാല്‍ ഷമിയിലും ബുമ്രയിലുമാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍.