പെര്‍ത്ത്: ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ വിജയപരമ്പര തുടരുന്നു. ന്യൂസിലന്‍ഡിനെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 296 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 468 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു.

നാലു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും നേഥണ്‍ ലിയോണും ചേര്‍ന്നാണ് ഓസീസിന് വമ്പന്‍ ജയം സമ്മാനിച്ചത്. സ്കോര്‍ ഓസ്ട്രേലിയ 416, 217/9, ന്യൂസിലന്‍ഡ് 166, 171. 40 റണ്‍സെടുത്ത ബി ജെ വാള്‍ട്ടിംഗ് ആണ് കീവീസിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(14), ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ റോസ് ടെയ്‌ലര്‍(22) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

ഹെന്‍റി നിക്കോള്‍സ്(21), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ(33) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോറ്‍ നേടാനായില്ല.ഓസീസിനായി മത്സരത്തിലാകെ ഒമ്പത് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം.