പെര്‍ത്ത്: ന്യൂസിലന്‍ഡിനെതിരായ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിന് മേല്‍ക്കൈ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സുമായി മാത്യു വെയ്ഡും ഒരു റണ്ണുമായി പാറ്റ് കമിന്‍സുമാണ് ക്രീസില്‍. നാല് വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഓസീസിനിപ്പോള്‍ 417 റണ്‍സിന്റെ ആകെ ലീഡുണ്ട്.

അര്‍ധസെഞ്ചുറികള്‍ നേടിയ ജോ ബേണ്‍സും മാര്‍നസ് ലാബുഷെയ്നുമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.  വാര്‍ണര്‍(19) തുടക്കത്തിലെ വീണപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും സ്റ്റീവ് സ്മിത്ത്(16) വലിയ സ്കോര്‍ നേടാതെ പുറത്തായി. കിവീസിനായി ടിം സൗത്തി നാലു വിക്കറ്റെടുത്തപ്പോള്‍ വാഗ്നറും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 110/6 എന്ന സ്കോറില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരാംഭിച്ച കിവീസിന് 56 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. 80  റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഗ്രാന്‍ഡ്ഹോമെ(23), വില്യാംസണ്‍ൾ34) എന്നിവര്‍ മാത്രമാണ് ടെയ്‌ലര്‍ക്ക് പുറമെ ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ലിയോണ്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.