മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ചെറുത്തുനില്‍പില്‍ ആദ്യദിനം ഓസ്‌ട്രേലിയ സുരക്ഷിതം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റംപെടുത്തപ്പോള്‍ 257-4 എന്ന സ്‌കോറിലാണ് ആതിഥേയര്‍. 192 പന്തില്‍ 77 റണ്‍സുമായി സ്റ്റീവ് സ്‌മിത്തും 56 പന്തില്‍ 25 റണ്‍സെടുത്ത് ട്രാവിഡ് ഹെഡുമാണ് ക്രീസില്‍. കിവികള്‍ക്കായി ഗ്രാന്‍ഡ്‌ഹോം രണ്ടും ബോള്‍ട്ടും വാഗ്‌നറും ഓരോ വിക്കറ്റും വീഴ്‌ത്തി. 

സ്‌മിത്ത്- ലാബുഷെയ്‌ന്‍; വീണ്ടും 'പൊളി'

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ തുടക്കത്തില്‍ മെരുക്കാന്‍ കിവികള്‍ക്കായി. പരിക്കില്‍നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ട്രെന്‍ഡ് ബോള്‍ട്ട് ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ജോ ബേണ്‍സിനെ ബൗള്‍ഡാക്കി. ഗോള്‍ഡണ്‍ ഡക്കായാണ് ബേണ്‍സ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷെയ്‌നും ഓസീസിനെ കരകയറ്റാന്‍ ശ്രമംനടത്തി.

എന്നാല്‍ വാഗ്‌നര്‍ എറിഞ്ഞ 22-ാം ഓവറില്‍ രണ്ടാം സ്ലിപ്പില്‍ ടിം സൗത്തിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ വാര്‍ണര്‍ മടങ്ങി. വെടിക്കെട്ട് ഓപ്പണര്‍ നേടിയത് 46 പന്തില്‍ 41 റണ്‍സ്. വിസ്‌മയ ഫോം തുടരുന്ന ലാബുഷെയ്‌ന്‍ പിന്നാലെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ലാബുഷെയ്‌ന്‍-സ്‌മിത്ത് സഖ്യമാണ് ആദ്യദിനം ഓസീസ് സ്‌‌കോറിംഗില്‍ നിര്‍ണായകമായത്. ലാബുഷെയ്‌ന്‍ 149 പന്തില്‍ 63 റണ്‍സെടുത്തു. ലാബുഷെയ്‌നെ ഗ്രാന്‍ഡ്‌ഹോം ബൗള്‍ഡാക്കുകയായിരുന്നു.

സ്‌മിത്തിനൊപ്പം ചേര്‍ന്ന മാത്യു വെയ്‌ഡിന് കാര്യമായ സംഭവനകള്‍ നല്‍കാനായില്ല. 38 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോമിന് വിക്കറ്റ് നല്‍കി വെയ്‌ഡ് മടങ്ങി. എന്നാല്‍ കരിയറിലെ 28-ാം അര്‍ധ സെഞ്ചുറിയുമായി നിലയുറപ്പിച്ചിരിക്കുകയാണ് സ്‌മിത്ത്. സ്‌മിത്തായിരിക്കും രണ്ടാംദിനം ഓസീസിന്‍റെ പ്രതീക്ഷ. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പത്താമത്തെ താരമെന്ന നേട്ടത്തില്‍ ആദ്യദിനം എത്തിയിട്ടുണ്ട് സ്‌മിത്ത്.