പെര്‍ത്ത്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരത്തിന് മിച്ചല്‍ സാന്റ്നര്‍ക്കൊരു എതിരാളി. മറ്റാരുമല്ല, ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെയാണ്  സ്മിത്ത് സ്ലിപ്പില്‍ ഒറ്റ കൈയില്‍ പറന്നു പിടിച്ചത്.

വില്യംസണ്‍ വീണതോടെ കിവീസിന്റെ തകര്‍ച്ചയും തുടങ്ങി.തുടക്കത്തിലെ ഓപ്പണര്‍മാരായ ജീത് റാവലിനെയു(1), ടോം ലാഥത്തെയും(0) നഷ്ടമായശേഷം വില്യംസണും(34) റോസ് ടെയ്‌ലറും ചേര്‍ന്ന് കിവീസിനെ കരയകറ്റുന്നതിനിടെയാണ് സ്മിത്തിന്റെ വണ്ടര്‍ ക്യാച്ച് പിറന്നത്. വില്യംസണ് പിന്നാലെ ഹെന്റി നിക്കോള്‍സിനെയും(7), നീല്‍ വാഗ്നറെയും(0) കൂടി മടക്കി സ്റ്റാര്‍ ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ടെയ്‌ലറും റണ്‍സൊന്നുമെടുക്കാതെ വാള്‍ട്ടിംഗും ക്രീസില്‍.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരഹായ ടെസ്റ്റ് പരമ്പരയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് കൈയിലൊതുക്കി ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നര്‍ ഞെട്ടിച്ചിരുന്നു.