സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാല്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്ക് ഇന്ന് കളിക്കില്ല. പകരം ബില്ലി സ്റ്റാന്‍ലേക്ക് ഓസീസ് ടീമിലെത്തും

ബ്രിസ്‌ബെയ്‌ന്‍: ഓസ്‌ട്രേലിയ-ശ്രീലങ്ക ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബ്രിസ്‌ബെയ്‌നിലാണ് മത്സരം. ഇന്ന് ജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം. 

സഹോദരന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാല്‍ പേസര്‍ മിച്ചൽ സ്റ്റാര്‍ക്ക് ഇന്ന് കളിക്കില്ല. പകരം ബില്ലി സ്റ്റാന്‍ലേക്ക് ഓസീസ് ടീമിലെത്തും. ലങ്കന്‍ നിരയിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ നിരോഷന്‍ ഡിക്ക്‌വെല്ല തിരിച്ചെത്തിയേക്കും. നാല് ഓവറില്‍ വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 75 റണ്‍സ് വിട്ടുകൊടുത്ത കുശാന്‍ രജിതയേയും മാറ്റിയേക്കും. 

ആദ്യ മത്സരത്തിൽ ഓസീസ് 134 റൺസിന് ലങ്കയെ തകർത്തിരുന്നു. ആദ്യ അന്താരാഷ്‌ട്ര ട്വന്‍റി20 സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ മികവിലായിരുന്നു ഓസീസിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 233 റണ്‍സ് നേടി. വാര്‍ണര്‍(100*), ആരോണ്‍ ഫിഞ്ച്(64), ഗ്ലെന്‍ മാക്‌സ്‌വെല്‍(62) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 99 റണ്‍സേ നേടാനായുള്ളൂ. 

പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. മലിംഗ നായകനായ അവസാന എട്ട് ട്വന്‍റി20യിൽ ഏഴിലും ശ്രീലങ്ക തോറ്റിരുന്നു.