സിഡ്‌നി: വിന്‍ഡീസിനെതിരെ ഒക്‌ടോബര്‍ ആദ്യവാരം നടക്കേണ്ടിയിരുന്ന മൂന്ന് ടി20കളുടെ പരമ്പര ക്രിക്കറ്റ് ഓസ്‌ട്രേലിയ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ഇരു ബോര്‍ഡുകളും തമ്മില്‍ ചൊവ്വാഴ്‌ച രാവിലെ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

ഒക്‌ടോബര്‍ 4, 6, 9 തീയതികളിലായാണ് ടി20 പരമ്പര നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് നേരത്തെ ഈ പരമ്പര നിശ്ചയിച്ചത്. എന്നാല്‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. സമാനമായാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. 

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയും നിശ്ചയിച്ചപ്രകാരം നടക്കാനുള്ള സാധ്യത വിരളമാണ്. ഒക്‌ടോബര്‍ 11, 14, 17 തീയതികളില്‍ മത്സരങ്ങള്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടത്താന്‍ ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നതാണ് ഈ പരമ്പരയ്‌ക്ക് തിരിച്ചടിയായത്. 

ഡിസംബര്‍- ജനുവരി മാസങ്ങളിലായി നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊപ്പം ടി20 മത്സരങ്ങളും സംഘടിപ്പിക്കാനാണ് സാധ്യത. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഇതിലൊരു ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുക. 

തിരിച്ചുവരാന്‍ കാരണം കോലി, പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി തന്നത് ധോണി: യുവരാജ് സിംഗ്

ഇന്ത്യന്‍ ടീമിന്‍റെ കിറ്റ് സ്‌പോണ്‍സര്‍ മാറും; ടെന്‍ഡറുകള്‍ ക്ഷണിച്ച് ബിസിസിഐ