ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഒന്നാം ട്വന്റി 20യിൽ ഓസ്‌ട്രേലിയക്ക് തക‍ർപ്പൻ ജയം. ഓസീസ് 107 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. ഓസീസിന്റെ 196 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 89 റൺസിന് പുറത്തായി. ഹാട്രിക് ഉൾപ്പടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആഷ്‌ടൺ ആഗറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പാറ്റ് കമ്മിൻസും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടി.

24 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. രണ്ട് റൺസെടുത്ത ഡി കോക്ക് അടക്കം എട്ടുപേർക്ക് രണ്ടക്കം കാണാനായില്ല. വാലറ്റത്ത് 22 റണ്‍സെടുത്ത കാഗിസോ റബാഡയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 14.3 ഓവര്‍ മാത്രമേ നീണ്ടുനിന്നുള്ളൂ. 

നേരത്തേ ആരോൺ ഫിഞ്ചിന്റെയും സ്റ്റീവ് സ്‌മിത്തിന്റെ മികവിലാണ് ഓസീസ് ആറ് വിക്കറ്റിന് 196 റൺസെടുത്തത്. ഫിഞ്ച് 42 റണ്‍സും സ്‌മിത്ത് 45 റണ്‍സുമെടുത്തു. ഡേവിഡ് വാര്‍ണര്‍ നാല് റണ്‍സില്‍ പുറത്തായി. മാത്യു വെയ്‌ഡ്(18), മിച്ചല്‍ മാര്‍ഷ്(19), അലക്‌സ് ക്യാരി(27), ആഷ്‌ടൺ ആഗര്‍(20*), മിച്ചല്‍ സ്റ്റാര്‍ക്ക്(7*) എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകാര്‍. സ്റ്റെയ്‌നും ഷംസിയും രണ്ടുവീതവും എന്‍ഗിഡിയും ഫെഹ്‌ലൂക്വായോയും ഓരോ വിക്കറ്റും വീഴ്‌ത്തി.