പെര്‍ത്ത്: പാകിസ്ഥാനെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയ 11.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഓസീസ് സ്വന്തമാക്കി. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

നേരത്തെ ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ പാക് ബാറ്റിങ് നിര മുട്ടുകുത്തുകയായിരുന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.  മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ അബോട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 45 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് 14 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 52), ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 48) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്. വാര്‍ണറുടെ അക്കൗണ്ടില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ട്.