ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസറ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. ഏകദിന ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 284/10 & 487/7. ഇംഗ്ലണ്ട് 374/10 & 146/10. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മാത്യു വെയ്ഡും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ നഥാന്‍ ലിയോണുമാണ് ഓസീസിന്റെ വിജയശില്‍പ്പികള്‍.

രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 146ന് എല്ലാവരും പുറത്തായി. 37 റണ്‍സ് നേടിയ ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റോറി ബേ്ണ്‍സ് (11), ജേസണ്‍ റോയ് (28), ജോ റൂട്ട് (28), ജോ ഡെന്‍ലി (11), ജോസ് ബട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്‌സ് (6), ജോണി ബെയര്‍സ്‌റ്റോ (6), മൊയീന്‍ അലി (4), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എ്ന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ജയിംസ് ആന്‍ഡേഴ്‌സണ് (4) പുറത്താവാതെ നിന്നു. 

രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. ഇതോടെ ടെസ്റ്റില്‍ 350 വിക്കറ്റുകള്‍ പിന്നിടാനും ലിയോണിന് സാധിച്ചു. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ കമ്മിന്‍സിന് ഒരു വിക്കറ്റുണ്ടായിരുന്നു. നേരത്തെ, ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (142), മാത്യു വെയ്ഡ് (110) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്.