2013 മുതല്‍ ഇരവുരും പ്രണയത്തിലായിരുന്നെങ്കിലും 2017ലാണ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ഓൾ റൗണ്ടറും ഐപിഎല്ലിൽ (IPL) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരവുമായ ഗ്ലെൻ മാക്‌സ്‌വെൽ (Glenn Maxwell) വിവാഹിതനായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇന്ത്യൻ വംശജ വിന്നി രാമനെയാണ്(Vini Raman) ഓസ്ട്രേലിയയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ മാക്സ്‌വെൽ മിന്നുകെട്ടിയത്. ഇരുവരും വിവാഹമോതിരം അണിഞ്ഞുകൊണ്ടു നില്‍ക്കുന്ന ചിത്രം മാക്സ്‌വെല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
ഇന്നലെ ഓസ്‌ട്രേലിയയിൽ ക്രിസ്ത്യൻ മതാചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഹിന്ദു മതാചാര മാർച്ച് 27ന് ഇന്ത്യയിൽവെച്ച് വിവാഹം ചടങ്ങുകൾ വീണ്ടും നടത്തും. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനുശേഷം 2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
2013 മുതല്‍ ഇരവരും പ്രണയത്തിലായിരുന്നെങ്കിലും 2017ലാണ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2019ല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. തമിഴ്നാട് വംശജയായ വിന്നി രാമന്‍ ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ്. ഓസ്ട്രേലിയയിലായിരുന്നു വിന്നിയുടെ പഠനവും.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാനൊരുങ്ങുകയാണ് മാക്സ്‌വെല്‍. മാര്‍ച്ച് 27നാണ് ബാംഗ്ലൂരിന്‍റെ ആദ്യ മത്സരം. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ഇന്ത്യയിലെ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാല്‍ മാക്സ്‌വെല്ലിന് ബാംഗ്ലൂരിന്‍റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്നാണ് സൂചന. നേരത്തെ ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തേക്ക് മാക്സ്‌വെല്ലിനെയും പരിഗണിച്ചിരുന്നെങ്കിലും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയെ ആണ് ബാംഗ്ലൂര്‍ നായകനാക്കിയത്.
