ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയപ്രതീക്ഷ. രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 85 എന്ന പരിതാപകരമായ നിലയിലാണ്. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ ഓസീസ് ബൗളര്‍മാരെ പ്രതിരോധിച്ച് നില്‍ക്കുക ഇംഗ്ലീഷ് താരങ്ങള്‍ക്ക് കടുപ്പമായിരിക്കും. 

313 റണ്‍സെടുത്താല്‍ മാത്രമേ ആതിഥേയര്‍ക്ക് ജയിക്കാന്‍ സാധിക്കൂ. ബാറ്റിങ് ദുഷ്‌കരമായ സാഹചര്യത്തില്‍ മത്സരം സമനിലയാക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോസ് ബട്‌ലര്‍ (1), ബെന്‍ സ്റ്റോക്‌സ് (0) എന്നിവരാണ് ക്രീസില്‍. നഥാന്‍ ലിയോണിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. 

റോറീ ബേണ്‍സ് (11), ജേസണ്‍ റോയ് (28), ജോ റൂട്ട് (28), ജോ ഡെന്‍ലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബേണ്‍സിനെ കമ്മിന്‍സ് മടക്കിയപ്പോള്‍ ബാക്കി മൂന്ന് പേരെയും ലിയോണ്‍ കറക്കി വീഴ്ത്തി. നേരത്തെ, ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്റ്റീവന്‍ സ്മിത്ത് (142), മാത്യു വെയ്ഡ് (110) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച ലീഡ് സമ്മാനിച്ചത്.