ദില്ലി ടെസ്റ്റില്‍ വാര്‍ണര്‍ക്ക് കളിക്കാനാവില്ല. അദ്ദേഹത്തിന്റെ കണ്‍ക്കണഷന്‍ സബ്ബായി മാറ്റ് റെന്‍ഷ്വൊ ടീമിലെത്തി. ആദ്യദിനം ബാറ്റിംഗിനിടെ വാര്‍ണര്‍ക്ക് നിരന്തരം ഏറുകൊണ്ടിരുന്നു.
ദില്ലി: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച മൂന്ന് ഇന്നിംഗ്‌സിലും തിളങ്ങാനായിരുന്നില്ല. ദില്ലിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 15 റണ്‍സ് മാത്രമായിരുന്നു വാര്‍ണറുടെ സമ്പാദ്യം. വാര്‍ണറെ ഒഴിവാക്കണമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് താരം ദില്ലിയില്‍ കളിച്ചത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇടങ്കയ്യന് സാധിച്ചില്ല. ഇതിനിടെ നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നു.
ദില്ലി ടെസ്റ്റില്‍ വാര്‍ണര്‍ക്ക് കളിക്കാനാവില്ല. അദ്ദേഹത്തിന്റെ കണ്‍ക്കണഷന്‍ സബ്ബായി മാറ്റ് റെന്‍ഷ്വൊ ടീമിലെത്തി. ആദ്യദിനം ബാറ്റിംഗിനിടെ വാര്‍ണര്‍ക്ക് നിരന്തരം ഏറുകൊണ്ടിരുന്നു. ആദ്യ മുഹമ്മദ് സിറാജിന്റ ഒരു പന്ത് കൈമുട്ടില്‍ ഇടിച്ചു. പിന്നാലെ രണ്ട് പന്തുകള്‍ ഹെല്‍മെറ്റിലും. എന്നിട്ടും വാര്‍ണര്‍ ബാറ്റിംഗ് തുടര്‍ന്നു. എന്നാല്‍ ഓസീസ് എല്ലാവരും പുറത്തായ ശേഷം ഫീല്‍ഡിംഗിനെത്തിയിരുന്നില്ല. ഇന്ന് രാവിലെയാണ് വാര്‍ണര്‍ കളിക്കുന്നില്ലെന്ന് വാര്‍ത്തയെത്തിയത്.
മുഹമ്മദ് ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്താവുന്നത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന് താരം പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 10 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യം മുഹമ്മദ് ഷമിയും പിന്നീട് ആര്‍ അശ്വിനും വാര്‍ണറെ മടക്കി. ഇതോടെ താരത്തെ ഒഴിവാക്കണമെന്ന് വിമര്‍ശനങ്ങള്‍ വന്നു. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഷോണ്‍ ടെയ്റ്റ് വാര്‍ണറെ പിന്തുണച്ച് രംഗത്തെത്തി.
ദില്ലി ടെസ്റ്റില്‍ ഓസീസ് 263ന് പുറത്തായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വീഴ്ത്തി. 81 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. പീറ്റര്‍ ഹാന്‍ഡ്‌കോമ്പ് 72 മികച്ച പ്രകടനം പുറത്തെടുത്തു.
