അഹമ്മദാബാദ്: അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റ് പരമ്പരയില്‍ മൂന്നെണ്ണത്തിലാണ് താരം കളിച്ചത്. പരിക്ക് കാരണം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതേ വേദിയില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ താരം അരങ്ങേറി, രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

പരമ്പരയില്‍ ഒന്നാകെ 27 വിക്കറ്റുകളാണ് അക്‌സര്‍ നേടിയയത്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ രണ്ടാമനാണ് അക്‌സര്‍. 32 വിക്കറ്റ് നേടിയ ആര്‍ അശ്വനാണ് അക്‌സറിന്റെ മുന്നില്‍. 27 വിക്കറ്റുകള്‍ നേടിയതോടെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ (മൂന്ന് ടെസ്റ്റ് വീതമെങ്കിലും) ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി അക്‌സര്‍. മുന്‍ ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസിനെയാണ് അശ്വിന്‍ പിന്തള്ളിയത്. 2008ല്‍ ഇന്ത്യക്കെതിരെ താരം 26 വിക്കറ്റുകള്‍ നേടിയിരുന്നു. 

ഇക്കാര്യത്തില്‍ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ അലക് ബഡ്‌സറാണ് മൂന്നാമത്. 1946ല്‍ ഇന്ത്യക്കെതിരെ അദ്ദേഹം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2011-12ല്‍ ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ പരമ്പരയില്‍ 22 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാലാം സ്ഥാനത്താണ് അശ്വിന്‍. തൊട്ടുപിന്നില്‍ മുന്‍ ഓസീസ് താരം സ്റ്റുവര്‍ട്ട് ക്ലര്‍ക്ക്. 2005-06ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 20 വിക്കറ്റുകളാണ് പേസര്‍ നേടിയത്. 

ഡോം ബെസ്സിനെ പുറത്താക്കിയാണ് അക്‌സര്‍ ഈ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളിലും നാലോ അതിലധികമോ വിക്കറ്റുള്‍ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് അക്‌സര്‍. ചെന്നൈയില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് അക്‌സര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടി. 

അഹമ്മദാബാദിലെ പകല്‍- രാത്രി ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചെണ്ണവും.