തിരുവനന്തപുരം: മഴമൂലം 21 ഓവര്‍ വീതമാക്കിയ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ രണ്ടാം ഏകദിന മത്സരം ഫീല്‍ഡ് അമ്പയറുടെ അപൂര്‍വമായൊരു തെറ്റ് തിരുത്തലിന് കൂടി സാക്ഷ്യം വഹിച്ചു. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിന്റെ പതിനെട്ടാം ഓവറിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യക്ക് പതിനെട്ടാം ഓവറില്‍ അക്സര്‍ പട്ടേലിന്റെ വിക്കറ്റ് നഷ്ടമായി. മാര്‍ക്കോ ജാന്‍സനെറിഞ്ഞ ഓവറിലെ ആദ്യ പന്തിലായിരുന്നു ഇത്. ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കര്‍ ലെംഗ്തില്‍ പിച്ച് ചെയ്ത പന്തില്‍ ഷോട്ടിന് ശ്രമിച്ച അക്സറിന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. വിക്കറ്റിനായി വലിയ ഉറപ്പൊന്നുമില്ലാതെ ജാന്‍സന്‍ അപ്പീല്‍ ചെയ്തു. അധികം ആലോചിക്കാതെ അമ്പയര്‍ വീരേന്ദ്ര ശര്‍മ ഔട്ട് വിധിക്കുകയും ചെയ്തു.

എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്നും ബാറ്റ് നിലത്ത് അടിച്ചതിന്റെ ശബ്ദമാണ് ബാറ്റില്‍ തട്ടിയതായി തെറ്റിദ്ധരിച്ചതെന്നും തിരിച്ചറിഞ്ഞ അമ്പയര്‍ ഉടന്‍ തന്നെ തന്റെ തീരുമാനം തിരുത്തി ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കാനൊരുങ്ങിയ അക്സറിനെ തിരിച്ചുവിളിക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തനായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബാവുമ അത് പരസ്യമാക്കിയില്ല. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പുറത്താവുകയും ചെയ്തു. മത്സരം ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ചിരുന്നു.