ഹൈദരാബാദ് ഇന്നിങ്‌സിനിടെ ഓപ്പണർ അഭിഷേക് ശർമ്മയെ റൺ ഔട്ടാക്കാൻ ലഭിച്ച അവസരം കെ.എൽ രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പതും നിസ്സങ്ക ഒരു അനായാ ക്യാച്ചും കൈവിട്ടു.

ഹൈദരാബാദ്: ഐപിഎ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 47 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ ഫീല്‍ഡിംഗ് പിഴവുകളില്‍ കെ എല്‍ രാഹുലിനെയും പാതും നിസങ്കയെയും പരോക്ഷമായി കുറ്റപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ രംഗത്ത്. മത്സരത്തിൽ അഭിഷേക് ശർമ്മയെ പുറത്താക്കാൻ ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ പാഴാക്കിയത് ടീമിന് വലിയ തിരിച്ചടിയായെന്ന് മത്സരശേഷം അക്ഷർ പട്ടേല്‍ പറഞ്ഞു.

ഹൈദരാബാദ് ഇന്നിങ്‌സിനിടെ ഓപ്പണർ അഭിഷേക് ശർമ്മയെ റൺ ഔട്ടാക്കാൻ ലഭിച്ച അവസരം കെ.എൽ രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പതും നിസ്സങ്ക ഒരു അനായാ ക്യാച്ചും കൈവിട്ടു. ഈ രണ്ട് പിഴവുകളും മത്സരത്തിന്‍റെ ഗതി മാറ്റിയെന്ന് അക്ഷർ വ്യക്തമാക്കി. റൺ ഔട്ട് അവസരവും ക്യാച്ചും നഷ്ടപ്പെടുത്തിയത് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. ആ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ അഭിഷേക് ഇത്രയും വലിയ സ്കോറിലേക്ക് എത്തില്ലായിരുന്നു. നല്ല ഫീൽഡിംഗ് നമ്മുടെ കൈയിലുള്ള കാര്യമാണ്, അത് ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു- അക്ഷർ പറഞ്ഞു. എങ്കിലും ടീമിന്‍റെ കോർ സെറ്റപ്പിൽ മാറ്റങ്ങൾ വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇതൊരു മോശം ദിവസമായി കണ്ട് മുന്നോട്ട് പോകുമെന്നും അക്ഷര്‍ വ്യക്തമാക്കി.

അഭിഷേക് ശര്‍മ നല്‍കി അവസരങ്ങള്‍ പാഴാക്കിയതില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവുവും രാഹുലിനെയും നിസ്സങ്കയെയും വിമര്‍ശിച്ചി.അഭിഷേകിനെപ്പോലൊരു താരം നിങ്ങൾക്ക് ഒരു അവസരം നൽകിയാൽ അത് കൃത്യമായി ഉപയോഗിക്കണം. അദ്ദേഹം ഞങ്ങൾക്ക് അവസരങ്ങൾ നൽകി, പക്ഷേ ഞങ്ങൾ അത് പാഴാക്കി. 50 റൺസ് പിന്നിട്ടപ്പോൾ അദ്ദേഹം ഒരു റൺ ഔട്ട് അവസരം നൽകിയിരുന്നു. പിന്നീട് 84-റൺസിൽ നിൽക്കുമ്പോൾ വീണ്ടും ഒരു ക്യാച്ച് കൈവിട്ടു. ആ വീഴ്ചകൾക്ക് ഞങ്ങൾ വലിയ വില നൽകേണ്ടി വന്നുവെന്ന് വേണുഗോപാല്‍ റാവു റഞ്ഞു.

View post on Instagram

68 പന്തിൽ 10 ഫോറും 10 സിക്സും ഉൾപ്പെടെ 135 റൺസുമായി പുറത്താകാതെ നിന്ന അഭിഷേക് ശർമ്മയുടെ പ്രകടനമാണ് മത്സരത്തിൽ ഹൈദരാബാദിനെ 242 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. തന്‍റെ കരിയറിലെ മാറ്റത്തിന് കാരണം 2024 മുതൽ ഹൈദരാബാദ് മാനേജ്‌മെന്റ് നൽകുന്ന പിന്തുണയും സ്വാതന്ത്ര്യവുമാണെന്ന് അഭിഷേക് പറഞ്ഞു. സ്റ്റാൻഡിംഗ് ക്യാപ്റ്റൻ ഇഷാൻ കിഷനും കോച്ച് ഡാനിയൽ വെട്ടോറിയും നൽകുന്ന ആത്മവിശ്വാസം ചെറുപ്പക്കാർക്ക് വലിയ കരുത്താണെന്നും അഭിഷേക് വ്യക്തമാക്കി. ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. നിതീഷ് റാണ (57), സമീർ റിസ്‌വി (41) എന്നിവർ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. ഹൈദരാബാദിനായി ഇഷാൻ മലിംഗ 4 വിക്കറ്റുകൾ വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക