സെഞ്ചൂറിയന്‍: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 59 പന്തില്‍ 122 റണ്‍സാണ് അസം നേടിയത്. മുഹമ്മദ് റിസ്‌വാന്‍ (73) പുറത്താവാതെ നിന്നു. ജയത്തോടെ നാല് മത്സരങ്ങളുടെ ടി20 പരമ്പര പാകിസ്ഥാന്‍ 2-1ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 18 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ റിസ്‌വാനുമൊത്ത് 197 റണ്‍സാണ് അസം നേടിയത്. 15 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ബാബറിന്റെ ഇന്നിങ്‌സ്. റിസ്‌വാന്‍ രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. ഫഖര്‍ സമാന്‍ (8) പുറത്താവാതെ നിന്നു. 

നേരത്തെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ജന്നേമന്‍ മലാന്‍ (55), എയ്ഡന്‍ മാര്‍ക്രം (63) എന്നിവര്‍ തകര്‍പ്പന്‍ തുടക്കം നല്‍കി. പിന്നാലെ എത്തിയ വാന്‍ ഡെര്‍ ഡസ്സന്‍ (34), ജോര്‍ജ് ലിന്‍ഡെ (22) എന്നിവര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 200 കടന്നു. മുഹമ്മദ് നവാസ് പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. നേരത്തെ ഏകദിന പരമ്പരയും പാകിസ്ഥാന്‍ നേടിയിരുന്നു. പ്രധാന താരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിറങ്ങിയത്.