മത്സരത്തിന് പിന്നാലെ ബാബര്‍ സഹതാരങ്ങള്‍ക്കെതിരെ തിരിഞ്ഞു. രണ്ട് പവര്‍ പ്ലേയിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ബാബര്‍ പറയുന്നത്.

ഡെല്ലാസ്: ടി20 ലോകകപ്പില്‍ യുഎസിനോട് അട്ടിമറി തോല്‍വി നേരിട്ടതോടെ ബാറ്റര്‍മാരേയും ബോളര്‍മാരേയും കുറ്റപ്പെടുത്തി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഗ്രൂപ്പ് എയില്‍ സൂപ്പര്‍ ഓവറിലായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്റി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.

മത്സരത്തിന് പിന്നാലെ ബാബര്‍ സഹതാരങ്ങള്‍ക്കെതിരെ തിരിഞ്ഞു. രണ്ട് പവര്‍ പ്ലേയിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ബാബര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''പവര്‍ പ്ലേ ഞങ്ങള്‍ക്ക് മുതലാക്കാനായില്ല.. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമാകുന്ന ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ വേണം. പന്തെറിഞ്ഞപ്പോഴും ആദ്യ ആറ് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മധ്യ ഓവറുകളില്‍ ഞങ്ങളുടെ സ്പിന്നര്‍മാര്‍ വിക്ക് വീഴ്ത്തുന്നതിലും പിന്നിലായി. അതുകൊണ്ടുതന്നെ മത്സത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. എല്ലാ ക്രെഡിറ്റും യുഎസിനുള്ളതാണ്. മൂന്ന് ഡിപ്പാര്‍ട്ട്മെന്റുകളിലും അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. പിച്ചില്‍ ഈര്‍പ്പമുണ്ടായിരുന്നു. പിച്ച് അതിന്റെ രണ്ട് സ്വഭാവം കാണിച്ചു.'' ബാബര്‍ മത്സരശേഷം വ്യക്തമാക്കി.

യുഎസിനോടേറ്റ തോല്‍വിയില്‍ പ്രതിരോധത്തിലായി പാകിസ്ഥാന്‍! ഇന്ത്യയോടും പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിടും

തോല്‍വിയോടെ പാകിസ്ഥാന് ഗ്രൂപ്പ് എയില്‍ പ്രതിരോധത്തിലായി. ഇനി സൂപ്പര്‍ എട്ടിലെത്തുക പ്രയാസമെന്ന് തന്നെ പറയാം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. ശക്തരായ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം. അതിലും തോറ്റാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും. പിന്നീട് കാനഡ, അയര്‍ലന്‍ഡ് ടീമുകളെ പാകിസ്ഥാന് നേരിടണം.