കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.
കറാച്ചി: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ക്യാപ്റ്റനെ മാറ്റി വീണ്ടും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ഷഹീന്‍ അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കി മുന്‍ നായകന്‍ ബാബര്‍ അസമിനെ ഏകദിന, ടി20 ടീമുകളുടെ നായകനായി സെലക്ഷന്‍ കമ്മിറ്റി വീണ്ടും തെരഞ്ഞെടുത്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ഷഹീന്‍ അഫ്രീദിയെ വൈറ്റ് ബോള്‍ ടീമിന്‍റെയും ഷാന്‍ മസൂദിനെ ടെസ്റ്റ് ടീമിന്‍റെയും ക്യാപ്റ്റനായും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഷഹീന്‍ അഫ്രീദിക്ക് കീഴില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ ദയനീയമായി തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ബാബറിനെ തിരികെ കൊണ്ടുവന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ 1-4ന് തോറ്റിരുന്നു. ഒറ്റ പരമ്പരയിലെ തോല്‍വികൊണ്ടു മാത്രമല്ല സെലക്ടര്‍മാര്‍ അഫ്രീദിയെ മാറ്റിയതെന്നാണ് സൂചന.
കഴിഞ്ഞ മാസം നടന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും അഫ്രീദി നയിച്ച പാകിസ്ഥാന്‍ ക്യുലാന്‍ഡേഴ്സ് പ്ലേ ഓഫിന് പോലും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.ഇതും ക്യാപ്റ്റന്‍സി മാറ്റത്തിന് കാരണമായതായി സൂചനയുണ്ട്. ഏപ്രില്‍ 18 മുതല്‍ 27വരെ ന്യൂസിലന്‍ഡുമായി നാട്ടില്‍ അഞ്ച് ടി20കളടങ്ങിയ പരമ്പര പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ബാബറിനെ സെലക്ഷന്‍ കമ്മിറ്റി വീണ്ടും നായകനായി തെരഞ്ഞെടുത്തത്.
അഫ്രീദി ക്യാപ്റ്റനായതോടെ ബാബറെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മൂന്നാം നമ്പറിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ബാബര്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 71 മത്സരങ്ങളില്‍ പാകിസ്ഥാനെ നയിച്ച ബാബര്‍ 42 വിജയങ്ങള്‍ നേടിയിട്ടുണ്ട്.
