Asianet News MalayalamAsianet News Malayalam

അവര്‍ മൂന്നുപേരാണ് എന്‍റെ ഹീറോസ്, ക്രിക്കറ്റിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് ബാബര്‍ അസം

വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് എന്‍റെ പ്രിയപ്പെട്ട ബാറ്റര്‍മാര്‍. അവര്‍ മൂന്നുപേരും ലോകോത്തര താരങ്ങളാണ്. സാഹചര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കുന്നതില്‍ അവര്‍ മിടുക്കരാണ്.

Babar Azam says those 3 are his heroes gkc
Author
First Published Oct 29, 2023, 1:10 PM IST

ചെന്നൈ: ലോകകപ്പില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ വഴങ്ങി പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. നായകന്‍ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ബാറ്റിംഗ് പ്രകടനങ്ങളെക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് പാകിസ്ഥാനില്‍ ഉയരുന്നത്. ഇതിനിടെ താന്‍ ആരാധിക്കുന്ന മൂന്ന് താരങ്ങളുടെ പേര് തുറന്നു പറയുകയാണ് ബാബര്‍ അസം. സ്റ്റാര്‍ സ്പോര്‍ട്സിലെ അഭിമുഖത്തിലാണ് തന്‍റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് ബാബര്‍ മനസു തുറന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് എന്‍റെ പ്രിയപ്പെട്ട ബാറ്റര്‍മാര്‍. അവര്‍ മൂന്നുപേരും ലോകോത്തര താരങ്ങളാണ്. സാഹചര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുക്കുന്നതില്‍ അവര്‍ മിടുക്കരാണ്. അതുകൊണ്ടു തന്നെയാണ് അവര്‍ ലോകത്തിലെ ഏറ്റവും മികച്ചവരായതും. ഞാനവരെ ആരാധിക്കുന്നു എന്നായിരുന്നു ബാബര്‍ പറഞ്ഞത്.

വീണു കിടക്കുന്നവനെ വീണ്ടും ചവിട്ടരുത്, എന്നാലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കും തീര്‍ക്കാനുണ്ട് ചില കണക്കുകള്‍

രോഹിത്തിന്‍റെയും കോലിയുടെയും വില്യംസണിന്‍റെയും മറ്റൊരു മികവ് പ്രതിസന്ധിഘട്ടത്തില്‍ ടീമിനെ കരകയറ്റാനുള്ള മികവാണ്. അതുപോലെ കടുപ്പമേറിയ ബൗളര്‍മാര്‍ക്കെതിരെ പോലും റണ്‍സടിക്കാനുള്ള കഴിവും. അവരില്‍ നിന്ന് അതാണ് താന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ബാബര്‍ പറഞ്ഞു. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബാബറെങ്കിലും ഈ ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പാക് നായകനായില്ല.

ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ബാബറിന്‍റെ പ്രതിരോധാത്മക സമീപനത്തിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി നാലു കളികളില്‍ തോറ്റു. ശേഷിക്കുന്ന മൂന്ന് കളിയും ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമി സാധ്യതയുള്ളു. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് ഇനിയുള്ള കളികളില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios