ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാവും. മൂന്ന് ടി20കളുള്ള പരമ്പരയില്‍ ആദ്യ മത്സരം ഞായറാഴ്ച ധരംശാലയില്‍ നടക്കും. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര സുഖകരമായ വാര്‍ത്തയല്ല ധരംശാലയില്‍ നിന്ന് പുറത്തുവരുന്നത്. മത്സരത്തിന് കാലാവസ്ഥ വില്ലനാവുമെന്നാണ് പ്രവചനം. 

ധരംശാലയില്‍ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പെയ്തു തുടങ്ങിയാല്‍ കനത്ത മഴയായി മാറുന്നതാണ് പ്രശ്‌നം. ഇത് കാരണം ഗ്രൗണ്ടും പിച്ചും തയ്യാറാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കാതെ വരുന്നുണ്ട്.  

തുടക്കം മുതല്‍ പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് ധരംശാലയില്‍ ഒരുക്കാറ്. എന്നാല്‍ ടി20യായതിനാല്‍ ബാറ്റ്‌സ്മാനെ സഹായിക്കുന്ന പിച്ചാണ് ഒരുക്കുകയെന്ന് ക്യൂറേറ്റര്‍ പുറത്തുവിടുന്ന വിവരം. 

പ്രമുഖ ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സീനിയര്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു.