ധാക്ക ഏകദിനത്തില്‍ ഒരേസമയം നായകനും വില്ലനുമാവുകയായിരുന്നു കെ എല്‍ രാഹുല്‍

ധാക്ക: ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കുമെന്നാണ് ക്രിക്കറ്റിലെ പൊതു തത്വം. അതുകൊണ്ടുതന്നെ കൈവിടുന്ന ഓരോ പന്തും തോല്‍വിക്ക് കാരണമാകും. ധാക്കയില്‍ ടീം ഇന്ത്യ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ വഴിത്തിരിവായത് ഒരു കൈവിട്ട ക്യാച്ചാണ്. ബാറ്റിംഗില്‍ തിളങ്ങിയിട്ടും വിക്കറ്റ് കീപ്പിംഗില്‍ കെ എല്‍ രാഹുലിന് പിഴച്ചു. ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് രാഹുലിന്‍റെ കൈവിട്ട കളിയില്‍ ഉയര്‍ത്തുന്നത്. 

ധാക്ക ഏകദിനത്തില്‍ ഒരേസമയം നായകനും വില്ലനുമാവുകയായിരുന്നു കെ എല്‍ രാഹുല്‍. മത്സരത്തിലെ ടോപ് സ്‌കോററായിരുന്നു രാഹുല്‍. എന്നാല്‍ മെഹിദി ഹസന്‍റെ നിര്‍ണായക ക്യാച്ച് രാഹുല്‍ നഷ്ടപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശ് 9 വിക്കറ്റിന് 155 റണ്‍സെന്ന നിലയിലായിരുന്നു. 22 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു മെഹിദിക്ക് ഈസമയം ഉണ്ടായിരുന്നത്. എന്നാല്‍ 46 ഓവറില്‍ 39 പന്തില്‍ 38* റണ്‍സുമായി മെഹിദി ഹസനും 11 പന്തില്‍ 10* റണ്‍സെടുത്ത് മുസ്‌താഫിസൂര്‍ റഹ്‌മാനും കടുവകള്‍ക്ക് ഒരു വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സമ്മാനിച്ചു. ഇരുവരും പത്താം വിക്കറ്റില്‍ പുറത്താവാതെ 51 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും നാല് പേരെ മടക്കി എബാദത്ത് ഹൊസൈനും ഒരാളെ പുറത്താക്കി മെഹിദി ഹസനുമാണ് ഇന്ത്യയെ കുഞ്ഞന്‍ സ്കോറില്‍ തളച്ചത്. 70 പന്തില്‍ 73 റണ്‍സെടുത്ത ഉപനായകന്‍ കെ എല്‍ രാഹുല്‍ മാത്രമേ അര്‍ധ സെഞ്ചുറി പിന്നിട്ടുള്ളൂ. രാഹുലായിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന സ്കോറുകാരന്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 27ലും ശിഖര്‍ ധവാന്‍ ഏഴിലും വിരാട് കോലി ഒന്‍പതിലും ശ്രേയസ് അയ്യര്‍ 24ലും വാഷിംഗ്‌ടണ്‍ സുന്ദര്‍ 19ലും ഷഹ്‌ബാസ് അഹമ്മദ് പൂജ്യത്തിലും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടിലും ദീപക് ചാഹര്‍ പൂജ്യത്തിലും മുഹമ്മദ് സിറാജ് 9ലും കുല്‍ദീപ് സെന്‍ രണ്ടിലും പുറത്തായി.

തന്ത്രങ്ങള്‍ പിഴച്ച് രോഹിത്, കൈവിട്ട കളിയുമായി ഫീല്‍ഡര്‍മാര്‍; ഇന്ത്യന്‍ തോല്‍വിക്ക് ഇവ കാരണങ്ങള്‍