ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ എറിഞ്ഞ ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റ് വീഴ്‌ത്തി

ധാക്ക: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ റോ പേസ് കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാന്‍ മാലിക്. ഓസ്ട്രേലിയയില്‍ അടുത്തിടെ പൂര്‍ത്തിയായ ട്വന്‍റി 20 ലോകകപ്പില്‍ അതിനാല്‍ തന്നെ ഉമ്രാന്‍ വേണമെന്ന വാദം ശക്തമായിരുന്നു. ഓസീസ് പിച്ചുകള്‍ പേസിനെ തുണയ്ക്കുന്നതാണ് എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ ബംഗ്ലാദേശ് പര്യടനത്തില്‍ പകരക്കാരനായി ടീമിലെത്തിയ ഉമ്രാന്‍ മാലിക് രണ്ടാം ഏകദിനത്തില്‍ സ്ലോ പിച്ചിലും 150 കിലോമീറ്റര്‍ വേഗം തൊട്ട് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് കണ്ട് ഓസ്ട്രേലിയന്‍ മുന്‍താരം ബ്രാഡ് ഹോഗ് തന്നെ ഇപ്പോള്‍ ഉമ്രാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

ധാക്കയിലെ സ്ലോ വിക്കറ്റില്‍ ആദ്യ സ്‌പെല്ലില്‍ ഉമ്രാന്‍ മാലിക് വളരെയേറെ മികച്ച പേസ് കണ്ടെത്തി. ഇന്നത്തെ അവശേഷിക്കുന്ന സ്പെല്ലുകളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു ബ്രാഡ് ഹോഗിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ എറിഞ്ഞ ഉമ്രാന്‍ മാലിക് രണ്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് മെയ്‌ഡന്‍ ഓവറുകള്‍ സഹിതമായിരുന്നു. ഇത്. ഉമ്രാന്‍റെ ആദ്യ സ്‌പെല്‍ വേഗവും കൃത്യതയും കൊണ്ട് ഏവരെയും ഞെട്ടിച്ചു. ഉമ്രാന്‍റെ ആദ്യ ഓവര്‍ പരിചയസമ്പന്നനായ ഷാക്കിബ് അല്‍ ഹസനെ വിറപ്പിച്ചിരുന്നു. നജുമുല്‍ ഹൊസൈന്‍ ഷാന്‍റോയെ അതിവേഗ പന്തില്‍ ഇന്നിംഗ്‌സിലെ 14-ാം ഓവറിലെ ആദ്യ പന്തില്‍ മടക്കി. മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി ചെറുത്തുനിന്ന മഹമ്മദുള്ളയുടെ വിക്കറ്റും ഉമ്രാന്‍ മാലിക്കിനായിരുന്നു. ഷാന്‍റോ 21 ഉം മഹമ്മദുള്ള 77 ഉം റണ്‍സാണ് നേടിയത്. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

ലോകകപ്പിലെ പന്തുകള്‍ക്ക് കാറ്റ് മാത്രം പോര, ചാര്‍ജും ചെയ്യണം! കാരണമറിയാം