പരിക്കേറ്റ പേസർ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ഉമ്രാന്‍ മാലിക് ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം നാളെ നടക്കാനിരിക്കേ ടീം ഇന്ത്യക്ക് പരിക്കിന്‍റെ ആശങ്ക. ആദ്യ ഏകദിനത്തില്‍ തന്‍റെ സ്പെല്ലിനിടെ പരിക്കിന്‍റെ ലക്ഷണങ്ങള്‍ ഷർദ്ദുല്‍ ഠാക്കൂർ കാണിച്ചിരുന്നു. താരത്തിന്‍റെ പരിക്കിന്‍റെ ഗൗരവം കണക്കാക്കി മെഡിക്കല്‍ സംഘം രണ്ടാം ഏകദിനത്തിന് മുമ്പ് അന്തിമ തീരുമാനം കൈക്കൊള്ളും. ഷർദ്ദുലിനെ കളിപ്പിക്കുന്നത് അപകടകരമാണെങ്കില്‍ ഉമ്രാന്‍ മാലിക്കാവും പകരക്കാരന്‍. നേരത്തെ പരിക്കേറ്റ പേസർ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ഉമ്രാന്‍ മാലിക് ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. 

ആദ്യ ഏകദിനത്തിന് മുമ്പ് ശനിയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ സ്പിന്നർ അക്സർ പട്ടേല്‍ നാളെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മടങ്ങിയെത്തിയേക്കും. അങ്ങനെവന്നാല്‍ ഷഹ്ബാദ് അഹമ്മദാവും പ്ലേയിംഗ് ഇലവന് പുറത്തുപോവുക. വിക്കറ്റ് കീപ്പർ ബാറ്ററായി കെ എല്‍ രാഹുല്‍ തുടരും. രോഹിത് ശർമ്മയ്ക്കൊപ്പം ശിഖർ ധവാന്‍ ഓപ്പണിംഗില്‍ തുടരാനാണ് സാധ്യത. ഇഷാന്‍ കിഷന്‍റെ കാത്തിരിപ്പ് ഇതോടെ നീളും. ഏറെനാളായി അവസരത്തിന് കാത്തിരിക്കുന്ന രാഹുല്‍ ത്രിപാഠിയെ കളിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. മോശമല്ലാത്ത പ്രകടനം ആദ്യ മത്സരത്തില്‍ പുറത്തെടുത്തതിനാല്‍ വാഷിംഗ്ടണ്‍ സുന്ദർ ടീമില്‍ തുടരും. അരങ്ങേറ്റത്തില്‍ റണ്‍സ് വഴങ്ങിയെങ്കിലും കുല്‍ദീപ് സിംഗിന് ഒരവസരം കൂടി നല്‍കിയേക്കും. 

നാളെ ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 11.30നാണ് ബംഗ്ലാദേശ്-ഇന്ത്യ രണ്ടാം ഏകദിനം തുടങ്ങുക. ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിനാല്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചേ തീരു. ആദ്യ ഏകദിനത്തില്‍ 73 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ മാത്രമേ ബാറ്റിംഗില്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നുള്ളൂ. അതേസമയം ബൗളിംഗില്‍ മുഹമ്മദ് സിറാജ് മൂന്നും കുല്‍ദീപ് സെന്നും വാഷിംഗ്ടണ്‍ സുന്ദറും രണ്ടും ദീപക് ചാഹറും ഷർദ്ദുല്‍ ഠാക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു. 

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നാളെ അഭിമാന പോരാട്ടം; ടീമില്‍ രണ്ട് മാറ്റം വരുത്തിയേക്കും- സാധ്യത ഇലവന്‍