ധാക്ക: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്ക് മുമ്പെ വെല്ലുവിളിയുമായി ബംഗ്ലാദേശ് താരം മൊസദെക് ഹുസൈന്‍. ലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പര ബംഗ്ലാദേശ് നേടുമെന്നാണ് മൊസദെക് പറയുന്നത്. ഇതുവരെ ശ്രീലങ്കയ്‌ക്കെതിരെ പരമ്പര സ്വന്തമാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. ഏഴ് പരമ്പരകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും ബംഗ്ലാദേശിന് പരാജയമായിരുന്നു. രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു.

ഇത്തവണ കാര്യങ്ങള്‍ മാറുമെന്ന് മൊസദെക് വ്യക്തമാക്കി. ആള്‍റൗണ്ടര്‍ തുടര്‍ന്നു...''ബംഗ്ലാദേശിന് ഇത്തവണ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അടുത്തിടെ ബംഗ്ലാദേശ് നേടിയ വളര്‍ച്ച ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഞങ്ങളാണ് ഫേവറൈറ്റുകള്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും ലങ്കയേക്കാള്‍ മികച്ചവരാണ് ബംഗ്ലാദേശ്. 

ശ്രീലങ്കയ്‌ക്കെതിരെ കൂടുതല്‍ ബൗളിംഗ് അവസരം തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏത് വെല്ലുവിളി ഏറ്റെടുക്കാനും തയ്യാറാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.