സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ നാലു വിക്കറ്റിന് തകര്‍ത്ത് ബംഗ്ലാദേശ്. സെയ്ഫ് ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളാണ് 169 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിനെ സഹായിച്ചത്.
ദുബായ്: ആവേശം അവസാന ഓവറിലേക്ക് നീണ്ട സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ നാലു വിക്കറ്റിന് വീഴ്ത്തി ജയത്തുടക്കമിട്ട് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ സെയ്ഫ് ഹസന്റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ബംഗ്ലാദേശ് ഒരു പന്ത് മാത്രം ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സെയ്ഫ് ഹസന്‍ 45 പന്തില്‍ 61 റണ്‍സടിച്ചപ്പോള്‍ തൗഹിദ് ഹൃദോയ് 37 പന്തില്‍ 58 റൺസെടുത്തു. 14 റണ്‍സുമായി ഷമീം ഹൊസൈനും ഒരു റണ്ണുമായി നാസും അഹമ്മദും പുറത്താകാതെ നിന്നു. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 168-7, ബംഗ്ലാദേശ് 19.5 ഓവറില്‍ 169-6.
ദാസുന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ ജേക്കര്‍ അലി സ്കോര്‍ തുല്യമാക്കി. എന്നാല്‍ അടുത്ത പന്തില്‍ ജേക്കര്‍ അലിയെ ഷനക ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നാം പന്ത് ഡോട്ട് ബോളായി. നാലാം പന്തില്‍ ഷനകയുടെ ബൗണ്‍സറില്‍ മെഹ്ദി ഹസന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്ത്. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ ഒരു റണ്ണായി വിജയലക്ഷ്യം. അഞ്ചാം പന്തില്‍ നാസും അഹമ്മദ് ഗള്ളി ഫീല്‍ഡറുടെ കൈയിലേക്ക് നേരെ പന്തടിച്ച് വിജയ റണ്ണിനായി ഓടി. ഫീല്‍ഡറുടെ നേരിട്ടുള്ള ത്രോ വിക്കറ്റില്‍ കൊള്ളാതെ പോയതോടെ ബംഗ്ലാദേശ് വിജയവര കടന്നു.
അടിതെറ്റി തുടക്കം
169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അവസാന പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പെ തന്‍സിദ് ഹസന്‍റെ സ്റ്റംപിളക്കി നുവാന്‍ തുഷാരയാണ് ബംഗ്ലാദേശിനെ വിറപ്പിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൺ ലിറ്റണ്‍ ദാസിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സെയ്ഫ് ഹസന്‍ ബംഗ്ലാദേശിനെ 60 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ലിറ്റണ്‍ ദാസിനെ വീഴ്ത്തി ഹസരങ്ക ബംഗ്ലാദേശിന് രണ്ടാം പ്രഹരമേല്‍പ്പിച്ചെങ്കിലും സെയ്ഫ് ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് ബംഗ്ലാദേശിനെ വിജയത്തിനരികിലെത്തിച്ചു. വിജയത്തിനടുത്ത് സെയ്ഫ് ഹസനെ(45 പന്തല്‍ 61)ഹസരങ്കയും തൗഹിദ് ഹൃദോയിയെ(58) ചമീരയും ജേക്കര്‍ അലിയെയും(9) മെഹ്ദി ഹസനെയും ഷനകയും വീഴ്ത്തിയെങ്കിലും നാസും അഹമ്മദ് ബംഗ്ലാദേശിനെ വിജയവര കടത്തി.
രക്ഷകനായി ഷനക
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദാസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. കുശാൽ മെന്‍ഡിസ് 34 റണ്‍സടിച്ചപ്പോള്‍ പാതും നിസങ്ക 22 റണ്‍സടിച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.


