37 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്ന ദാസുന്‍ ഷനകയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലങ്കക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദാസുന്‍ ഷനകയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സടിച്ച ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. കുശാൽ മെന്‍ഡിസ് 34 റണ്‍സടിച്ചപ്പോള്‍ പാതും നിസങ്ക 22 റണ്‍സടിച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

മികച്ച തുടക്കം, പിന്നെ തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍മാരായ പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചു. നിസങ്കയെ(15 പന്തില്‍ 22) വീഴ്ത്തിയ ടസ്കിന്‍ അഹമ്മദാണ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. സ്കോര്‍ 50 കടന്നതിന് പിന്നാലെ കുശാല്‍ മെന്‍ഡിസിനെ(25 പന്തില്‍ 34) മെഹ്ദി ഹസന്‍ വീഴ്ത്തി. പിന്നാലെ കാമില്‍ മിഷാറയും(5) മടങ്ങിയതോടെ 65-3 എന്ന നിലയില്‍ പതറിയ ലങ്കയെ കുശാല്‍ പെരേരയും ഷനകയും ചേര്‍ന്ന് 100ന് അടുത്തെത്തിച്ചു.

കുശാല്‍ പെരേരയെ(16) വീഴ്ത്തി മുസ്തഫിസുര്‍ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ക്യാപ്റ്റന്‍ ചരിത് അസലങ്കയെ(12 പന്തില്‍ 21) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന ഷനക ലങ്കയെ 150 കടത്തി. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഷനക ലങ്കക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചപ്പോള്‍ ബംഗ്ലാദേശ് ഫീല്‍ഡര്‍മാരുടെ ചോര്‍ന്ന കൈകളും ലങ്കക്ക് തുണയായി. മുസ്തഫിസുര്‍ എറിഞ്‍ പത്തൊമ്പതാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ലങ്കക്ക് അഞ്ച് റണ്‍സെ നേടാനായുള്ളു. ടസ്കിന്‍ അഹമ്മദെറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്ത് ബൗണ്ടറി കടത്തിയെങ്കിലും പിന്നിടുള്ള മൂന്ന് പന്തിലും ഷനകക്ക് സ്കോര്‍ ചെയ്യാനായില്ല. അവസാന പന്ത് സിക്സിന് പറത്തിയാണ് ഷനക ലങ്കയെ 168ല്‍ എത്തിച്ചത്. മൂന്ന് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് ഷനകയുടെ ഇന്നിംഗ്സ്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ മൂന്നും മെഹ്ദി ഹസൻ 25 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക