നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകൾ നിർണായകമാണ്. സ്വാഭാവിക ശൈലിയിൽ കളിച്ച് ഫൈനൽ സ്വപ്നം നിലനിർത്താനാണ് ടീം ലക്ഷ്യമിടുന്നത്.

ധാക്ക: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചരിത്രത്തിലാദ്യമായി ഇടംപിടിക്കാനുള്ള സാധ്യത ബംഗ്ലാദേശിന് മുന്നിലുണ്ടെങ്കിലും, അത് ടീമിന് സമ്മര്‍ദ്ദമല്ല മറിച്ച് വലിയ പ്രചോദനമാണെന്ന് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. 2025-27 ഡബ്ല്യു ടി സി ഘട്ടത്തില്‍ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് പുറത്തെടുക്കുന്നത്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ പോയി ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരം ജയിക്കുകയും രണ്ട് മത്സരങ്ങളുടെ പരമ്പര 1-1-ന് സമനിലയിലാക്കുകയും ചെയ്തത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്ക് തൊട്ടുപിന്നിലായി നാലാം സ്ഥാനത്താണ് ബംഗ്ലാദേശ് ഉള്ളത്. സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ പട്ടികയില്‍ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താനും ഫൈനല്‍ സ്വപ്നം നിലനിര്‍ത്താനും ബംഗ്ലാദേശിന് അവസരമുണ്ട്.

ഷാന്റോയുടെ പ്രതീക്ഷകള്‍ ഇങ്ങനെ... ''എന്നെ സംബന്ധിച്ചിടത്തോളം ഇത് സമ്മര്‍ദ്ദമല്ല, മറിച്ച് പ്രചോദനമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരം അവസരങ്ങള്‍ മുന്നില്‍ തെളിയുന്നത് വലിയ സന്തോഷം നല്‍കുന്നു. ഇതിനെ ഞാന്‍ സമ്മര്‍ദ്ദം എന്ന് വിളിക്കില്ല. കാരണം ഈ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത് മുതല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ പിന്തുടരുന്ന ശൈലി മികവുറ്റതാണ്. അധികമായി ഒന്നും ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല; ഞങ്ങളുടെ സ്വാഭാവികമായ ശൈലിയില്‍ കളിക്കുക മാത്രമാണ് ലക്ഷ്യം. ആരില്‍ നിന്നും അത്ഭുതങ്ങള്‍ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഇതൊരു പ്രധാനപ്പെട്ട പരമ്പരയാണെങ്കിലും, ഇതുവരെ ഞങ്ങള്‍ക്ക് വിജയം നല്‍കിയ അതേ തന്ത്രങ്ങള്‍ തുടരുക മാത്രമാണ് ലക്ഷ്യം.'' അദ്ദേഹം വ്യക്തമാക്കി.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തി ഫൈനലില്‍ കടക്കാന്‍ വ്യക്തമായ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയെ പിന്തള്ളിയാണ് ബംഗ്ലാദേശ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതുവരെയുള്ള ആറ് ടെസ്റ്റ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ഒരെണ്ണം സമനിലയിലാവുകയും ചെയ്ത ബംഗ്ലാദേശിന് 55.56 പോയിന്റ് ശതമാനമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ കൂടുതല്‍ പോയിന്റുകള്‍ നേടാനാണ് അവരുടെ ശ്രമം. എന്നാല്‍ അനായാസമായി കാര്യങ്ങളെ കാണാതെ ശ്രദ്ധയോടെ കളിക്കേണ്ടതുണ്ട്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പരയും ബംഗ്ലാദേശിന് നിര്‍ണായകമാണ്.

YouTube video player