ധാക്ക: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ അഫ്ഗാനിസ്ഥാനോട് നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രമുഖതാരങ്ങളെ പുറത്താക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. സൗമ്യ സര്‍ക്കാര്‍, മെഹ്ദി ഹസന്‍, അബു ഹൈദര്‍, യാസിന്‍ അറാഫത്ത് എന്നിവരാണ് പരമ്പരക്കിടെ മാറ്റിയത്.

റൂബല്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം എന്നിവരെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്കു പുറമെ നജ്മുള്‍ ഹൊസൈന്‍, അമിനുള്‍ ഇസ്ലാം, മുഹമ്മദ് നയീം എന്നിവരെയും ടീമിലെടുത്തിട്ടുണ്ട്.

സിംബാബ്‌വെ കൂടി ഉള്‍പ്പെട്ടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ രണ്ട് കളികളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശിപ്പോള്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ മുഹമ്മദ് നബിയുടെ(84) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 19.5 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി.