ധാക്ക: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെപ്പോലെ ഏകദിന ലോകകപ്പിന് ശേഷം ദേശീയ ജേഴ്‌സിയില്‍ കളിച്ചിട്ടില്ലാത്ത താരമാണ് ബംഗ്ലാദേശിന്റെ മഷ്‌റഫെ മൊര്‍ത്താസ. ബംഗ്ലാദേശ് ക്യാപ്റ്റനായിരുന്ന അദ്ദേഹം ലോകകപ്പിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അദ്ദേഹം തന്നെ തള്ളികളഞ്ഞു. എന്നാല്‍ ലോകകപ്പില്‍ താരത്തിന്റെ മോശം പ്രകടനം വീണ്ടും വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമാക്കി. 

പിന്നാലെ നടന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറി. ഇപ്പോഴിതാ ഫെബ്രുവരിയില്‍ വിരമിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. ഫെബ്രുവരിയില്‍ സിംബാബ്‌വെ, ബംഗ്ലാദേശിലെത്തുന്നുണ്ട്. അത് മൊര്‍ത്താസയുടെ അവസാന പരമ്പരയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ബംഗ്ലാദേശിനായി 217 ഏകദിനങ്ങള്‍ കളിച്ച മൊര്‍ത്താസ 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.