ധാക്ക: എക്കാലത്തേയും മികച്ച ഏകദിന ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയാണ് തമീം പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റന്‍. ധോണി ഉള്‍പ്പെടെ നാല് പേരാണ് ഇന്ത്യയില്‍ നിന്ന് ടീമില്‍ ഇടം നേടിയത്. പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് താരങ്ങളും ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങലും ടീമിലെത്തി.

ധോണിക്ക് പുറമെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോലി എന്നിവരാണ് ടീമിലെത്തിയ ഇന്ത്യക്കാര്‍. സച്ചിന്‍- സെവാഗ് സഖ്യം ഓപ്പണ്‍ ചെയ്യും. കോലി മൂന്നാമനായെത്തും. റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്), ധോണി എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

മൂന്ന് പേസര്‍മാരാണ് ടീമില്‍. ഗ്ലെന്‍ മഗ്രാത്, ഷൊയ്ബ് അക്തര്‍, വസീം അക്രം എന്നിവരാണ് പേസര്‍മാര്‍. മുത്തയ്യ മുരളീധരനാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.