പരിതാപകരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. നാല് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 113 റണ്‍സില്‍ ഒതുക്കി ബംഗ്ലാദേശ്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക്് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (46) മാത്രമാണ് തിളങ്ങിയത്. ഡേവിഡ് മില്ലറാണ് (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ക്വിന്റണ്‍ ഡി കോക്കാണ് (18) രണ്ടക്കം കണ്ട മറ്റൊരു താരം. ആറ് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ബംഗ്ലാദേശിന് വേണ്ടി തന്‍സിം ഹസന്‍ സാക്കിബ് മൂന്ന് വിക്കറ്റെടുത്തു ടസ്‌കിന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.
പരിതാപകരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. നാല് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 23 റണ്‍സ് മാത്രം. റീസ് ഹെന്‍ഡ്രിക്‌സ് (0) നേരിട്ട ആദ്യ പന്തില്‍ പുറത്തായി. പിന്നാലെ ഡി കോക്കും മടങ്ങി. നാല് റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. തുടര്‍ന്ന് ക്ലാസന്‍ - മില്ലര്‍ സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ പതിനെട്ടാം ഓവറില്‍ ക്ലാസനും അടുത്ത ഓവറില്‍ മില്ലറും മടങ്ങിയത് തിരിച്ചടിയായി. 44 പന്തുകള്‍ നേരിട്ട ക്ലാസന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. മാര്‍കോ ജാന്‍സന്‍ (5), കേശവ് മഹാരാജ് (4) എന്നിവര്‍ പുറത്താവാതെ നിന്നു.
മൂന്നാം ജയം തേടിയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ക്ലിക്കാവാത്ത ബാറ്റിങ്ങ് നിരയാണ് ഇന്നും ബുദ്ധിമുട്ടി. ലങ്കയെ തോല്‍പിച്ചതിന്റെ കരുത്തിലാണ് ബംഗ്ലദേശ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ബംഗ്ലദേശ് രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ടിലേക്ക് മുന്നേറാനാകാന്‍ സാധ്യതയേറെയാണ്.

