ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍(ബിപിഎല്‍) കളിക്കുന്ന ടീമുകള്‍ക്ക് മുന്നില്‍ വിചിത്രമായ നിബന്ധനകളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലീഗില്‍ പങ്കെടുക്കുന്ന ടീമുകളില്‍ 140 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന ഒരു ബൗളറും ഒരു ലെഗ് സ്പിന്നറും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് ബോര്‍ഡിന്റെ പുതിയ നിബന്ധന.

ദേശീയ ടീമിലേക്ക് മികച്ച കളിക്കാരെ കണ്ടെത്തുന്നതിനായാണ് ഇതെന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഭരണസമിതി അംഗം മെഹ്ബൂബ് അനം പറഞ്ഞു. ലീഗില്‍ കളിക്കുന്ന ടീമുകള്‍ക്ക് എങ്ങനെയും ജയിച്ചാല്‍ മതിയെന്നു മാത്രമായിരിക്കും ചിന്ത. എന്നാല്‍ ഇതുകൊണ്ട് ദേശീയ ടീമിന് നേട്ടമില്ല.  

ദേശീയ ടീമിലെ അംഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഒരു ലെഗ് സ്പിന്നറെ വേണമെന്നാണ് നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെയാണ് ടീമുകള്‍ക്ക് മുന്നില്‍ ഈ നിബന്ധന വെച്ചതെന്നും അനം പറഞ്ഞു.  പാക്കിസ്ഥാനെതിരായ പരമ്പര വരുന്നതിനാല്‍ ഇത്തവണത്തെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്നതിലും അള്‍പം നീണ്ടുപോയേക്കാമെന്നും അനം വ്യക്തമാക്കി.