സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ മൊഹമ്മദ് നയീമിനെയും(2), സൈഫ് ഹസനെയും(0) നഷ്ടമായ ബംഗ്ലാദേശിനെ നജിമുള്‍ ഹൊസൈന്‍ ഷാന്‍റോയും(34 പന്തില്‍ 40), ആഫിഫ് ഹൊസൈനും(21 പന്തില്‍ 20) ചേര്‍ന്നാണ് കരകയറ്റിയത്.

ധാക്ക: ബംഗ്ലാദേശിനെതിരായ(Bangladesh) രണ്ടാം ടി20യില്‍ ആധികാരിക ജയവുമായി മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര പാക്കിസ്ഥാന്‍(Pakistan‌‌) 2-0ന് സ്വന്തമാക്കി. രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ഫഖര്‍ സമന്‍റെയും(Fakhar Zaman) മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ബാറ്റിംഗ് മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 108-7, പാക്കിസ്ഥാന്‍ 18.1 ഓവറില്‍ 109-2.

സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ മൊഹമ്മദ് നയീമിനെയും(2), സൈഫ് ഹസനെയും(0) നഷ്ടമായ ബംഗ്ലാദേശിനെ നജിമുള്‍ ഹൊസൈന്‍ ഷാന്‍റോയും(34 പന്തില്‍ 40), ആഫിഫ് ഹൊസൈനും(21 പന്തില്‍ 20) ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ബംഗ്ലാദേശിന് 50 കടത്തിയെങ്കിലും ഷദാബ് ഖാന്‍ ഇരുവരെയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്‍റെ തകര്‍ച്ചയും തുടങ്ങി. ക്യാപ്റ്റന്‍ മെഹമ്മദുള്ള(12), നൂറുള്‍ ഹസന്‍(11) എന്നിവര്‍ക്കും ഒന്നും ചെയ്യാനായില്ല.

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി നാലോവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷദാബ് ഖാന്‍ നാലോവറില്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ്, മൊഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(1) തുടക്കത്തിലെ നഷ്ടമായെങ്കിലും റിസ്‌വാനും സമനും ചേര്‍ന്ന് പാക്കിസ്ഥാന്‍റെ വിജയത്തിനുള്ള അടിത്തറയിട്ടു.

12 റണ്‍സില്‍ ബാബറിനെ നഷ്ടമായ പാക്കിസ്ഥാനെ ഇരുവരും ചേര്‍ന്ന് 97 റണ്‍സിലെത്തിച്ച് വിജയമുറപ്പാക്കിയശേഷമാണ് വേര്‍പിരിഞ്ഞത്. 45 പന്തില്‍ 39 റണ്‍സെടുത്ത റിസ്‌വാന്‍ പുറത്തായെങ്കിലും 51 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന ഫഖര്‍ സമനും ആറ് റണ്‍സുമായി ഹൈദര്‍ അലിയും പാക്കിസ്ഥാനെ വിജയവര കടത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം തിങ്കളാഴ്ച നടക്കും.