കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് കൊല്‍ക്കത്ത ടെസ്റ്റ് പകലും രാത്രിയുമായി നടക്കും. ഇന്ത്യന്‍ പര്യടനത്തിലെ കൊല്‍ക്കത്ത ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായി നടത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയതോടെയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ് നവംബര്‍ 22 മുതല്‍ ചരിത്ര ടെസ്റ്റിന് വേദിയാവുക. പകല്‍-രാത്രി ടെസ്റ്റിന് ഇന്ത്യ വേദിയാവുന്നത് ആദ്യമായാണ്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ പുതിയ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് മുന്‍കൈയെടുത്തത്. ഗാംഗുലിയുടെ തീരുമാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി അംഗീകരിക്കുകയും ചെയ്തു. 2015 നവംബറില്‍ പകല്‍-രാത്രി ടെസ്റ്റിന് ഐസിസി അനുമതി നല്‍കിയ ശേഷം ഇന്ത്യയും ബംഗ്ലാദേശും പിങ്ക് ബോളില്‍ കളിക്കുന്നത് ഇതാദ്യമാണ്. 

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് മത്സരം വലിയ അവസരമാണ് എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പരിശീലകന്‍ റസല്‍ ഡൊമിങ്കോയുടെ പ്രതികരണം. 'പിങ്ക് ബോളിലുള്ള മത്സരം ഇരു ടീമുകള്‍ക്കും പുത്തന്‍ അനുഭവമാണ്. അതിനാല്‍ തങ്ങള്‍ വലിയ ആകാംക്ഷയിലാണ്. ലൈറ്റുകള്‍ക്ക് താഴെ ലോകത്തെ ഏറ്റവും മികച്ച ടീമിനെ ഈഡന്‍ ഗാര്‍ഡനില്‍ നേരിടുന്നത് ഐതിഹാസികമാകും' എന്നും അദേഹം പ്രതികരിച്ചു.