സൂററ്റ്: ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാേദശ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ കളിക്കാന്‍ സമ്മതം മൂളി. മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. എന്നാല്‍ ടെസ്റ്റ് കളിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര കളിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി അറിയിച്ചു. 

ടി20ക്ക് ശേഷം ടെസ്റ്റ് കളിക്കണോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കും. ടി20യുടെ കാലയളവില്‍ പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം ടെസ്റ്റ് കളിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്നും ചൗധരി അറിയിച്ചു. 

ബംഗ്ലാദേശ് ടീമിലെ വിദേശ കോച്ചുമാരാണ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് എതിരെന്നാണ് അറിയുന്നത്. അവരെ സമ്മതിപ്പിച്ചാലും എല്ലാ ടി20 മത്സരങ്ങളും ഒരു വേദിയില്‍ തന്നെ നടത്താനാണ് ബംഗ്ലാദേശ് നിര്‍ദേശിക്കുക. നേരത്തെ നിഷ്പക്ഷ വേദിയില്‍ ടെസ്റ്റ് പരമ്പര കളിക്കാമെന്ന ബംഗ്ലാദേശിന്റെ നിര്‍ദ്ദേശത്തെ പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി തള്ളിക്കളഞ്ഞിരുന്നു.