ഡുബ്ലിന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ജയം. ഡുബ്ലിനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഒമ്പത് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുശ്ഫികുര്‍ റഹീം (63), സൗമ്യ സര്‍ക്കാര്‍ (54), മുഹമ്മദ് മിഥുന്‍ (43) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. 

ഇവര്‍ക്ക് പുറമെ തമീം ഇഖ്ബാല്‍ (21), ഷാക്കിബ് അല്‍ ഹസന്‍ (29) എന്നിവരാണ് പുറത്തായ താരങ്ങള്‍. മഹ്മദുള്ള (30), സാബിര്‍ റഹ്്മാന്‍ എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി അഷ്‌ലി നേഴ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, വിന്‍ഡീസിന് ഷായ് ഹോപ്പ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

മുന്‍നിര ബാറ്റ്‌സ്മാന്മാരായ സുനില്‍ ആംബ്രിസ് (23), ഡാരന്‍ ബ്രാവോ (6), റോസ്റ്റണ്‍ ചേസ് (19), കാര്‍ട്ടര്‍ (3), ഫാബിയന്‍ അലന്‍ തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലും മഷ്‌റഫെ മൊര്‍ത്താസ മൂന്നും വിക്കറ്റ് വീഴ്ത്തി.