തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ ആരാധകരെ കാത്തിരിക്കുന്നത് റണ്ണൊഴുകുന്ന പിച്ച്. ഇന്ത്യ വിന്‍ഡീസ് രണ്ടാം ട്വന്റി 20യില്‍ മികച്ച സ്‌കോര്‍ ഉറപ്പുള്ള പിച്ചാണ് സ്‌പോര്‍ട്ഹബ്ബില്‍ തയ്യാറാകുന്നതെന്ന് ക്യൂറേറ്റര്‍ പറഞ്ഞു. ഞായറാഴ്ചത്തെ മത്സരത്തിന് നിലവില്‍ മഴഭീഷണിയില്ലെങ്കിലും, മഴയെ നേരിടാനാവശ്യമായ സജ്ജീകരണങ്ങളും തയ്യാറെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കി.

ഹൈദരാബാദിലെ ആദ്യ ടി20ക്ക് ശേഷം ശനിയാഴ്ച വൈകീട്ട് 5.45നാണ് ടീമുകള്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങുക. പരിശീലക സംഘത്തിലെ ചിലര്‍ കാര്യവട്ടത്തെ വിക്കറ്റ് പരിശോധിക്കാനായി എത്തുമെങ്കിലും മത്സരത്തിന് മുന്‍പുള്ള പതിവുപരിശീലനത്തിനായി ടീമുകള്‍ സ്റ്റേഡിയത്തിലേക്ക് എത്തില്ല. 

അതേസമയം ടിക്കറ്റുവില്‍പ്പനയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആകെയുള്ള 32,000 ടിക്കറ്റുകളില്‍ 81 ശതമാനവും ആറുദിവസത്തിനുള്ളില്‍ വിറ്റഴിഞ്ഞതായി കെസിഎ അറിയിച്ചു. 4000 ടിക്കറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.