ആദ്യ മൂന്ന് ടെസ്റ്റിലും ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച ജോ റൂട്ടിന് വലിയ സ്കോര്‍ നേടാനായിരുന്നില്ല. എന്നാല്‍ നാലാം ടെസ്റ്റില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുപോയ ജോ റൂട്ട് സെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായി.
റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റിംഗിനിടെ താരമായി ബൗണ്ടറി ലൈനിനരികില്‍ ഉറക്കച്ചടവോടെ കിടന്ന ബോള്‍ ബോയ്. ഇംഗ്ലണ്ടിനായി ജോ റൂട്ടും ടോം ഹാര്‍ട്‌ലിയും ഹാറ്റ് ചെയ്യുന്നതിനിടെയാണ് ബൗണ്ടറി ലൈനിന് പുറത്ത് കോട്ടുവായ് ഇട്ട് ചെരിഞ്ഞ് കിടക്കുന്ന ബോള്‍ ബോയിയെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചത്.
ജോ റൂട്ട് ഇംഗ്ലണ്ടിന്‍റെ പതിന് ബാസ്ബോള്‍ ശൈലി വിട്ട് പൂര്‍ണമായും പ്രതിരോധത്തിലൂന്നിയ ഇന്നിംഗ്സ് കളിക്കുന്നതിനിടെയായിരുന്നു സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ബോള്‍ ബോയിയെ കാണിച്ചത്. ഇതോടെ കമന്‍ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി അവൻ നല്ലൊരു ചായ കുടിച്ച് വന്നതാണെന്ന കമന്‍റും എത്തി.
എന്നാല്‍ സ്റ്റേഡിയത്തിലെയും ടെലിവിഷനുകളിലെയും സ്ക്രീനില്‍ തന്നെ കാണിക്കുന്നുവെന്നൊന്നും തിരിച്ചറിയാതെ പൊരിവെയിലത്ത് ബൗണ്ടറി ലൈനിന് പുറത്ത് അലസമായി ഒരു വശം ചെരിഞ്ഞ് കിടക്കുകയായിരുന്നു ബോള്‍ ബോയ്. ഇടക്ക് സമീപമുള്ള വെള്ളക്കുപ്പി എടുത്ത് തലകീഴായി എറിഞ്ഞ് ബോറടി മാറ്റുന്നതും കാണാമായിരുന്നു.
ആദ്യ മൂന്ന് ടെസ്റ്റിലും ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച ജോ റൂട്ടിന് വലിയ സ്കോര്‍ നേടാനായിരുന്നില്ല. എന്നാല്‍ നാലാം ടെസ്റ്റില്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുപോയ ജോ റൂട്ട് സെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായി. ഇന്ത്യക്കെതിരെ റൂട്ടിന്‍റെ പത്താം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ജോ റൂട്ട് സ്വന്തമാക്കിയിരുന്നു.
ഈന്ത്യക്കെതിരെ ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുള്ള സ്റ്റീവ് സ്മിത്തിനെയാണ് ജോ റൂട്ട് സെഞ്ചുറിയോടെ ഇന്നലെ മറികടന്നത്. 302-7 എന്ന സ്കോറില്‍ ആദ്യ ദിനം കളി അവസാനിപ്പിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം 352 റണ്‍സിന് ഓള്‍ ഔട്ടായി. 274 പന്ത് നേരിട്ട ജോ റൂട്ട് 122 റണ്‍സുമായി പുറത്താകാതെ നിന്നു.
